സംസ്ഥാനത്തുടനീളം തെരുവുനായ ശല്യം തുടരുന്നു. എറണാകുളം ജില്ലയിൽ ഇന്നലെ നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത് 78 പേരാണ്. നാലര മണിക്കൂറിനിടെ, നായകടിയേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത് 24 പേരായിരുന്നു. കടിയേറ്റവരിൽ വിദ്യാർഥികളും അധ്യാപകരുമുണ്ട്. ഉച്ചയ്ക്കു ശേഷം കൂടുതൽ പേർ ചികിത്സ തേടിയെങ്കിലും വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായില്ല. കണക്കുകൾ മാധ്യമങ്ങൾക്കു നൽകരുതെന്ന കർശന നിർദേശവും ഇതിനു പിന്നാലെയെത്തി.
കോഴിക്കോട് 33 പേരും കണ്ണൂരിൽ 28 പേരും കൊല്ലത്ത് 20 പേരും കാസർകോട് ജില്ലയിൽ 18 പേരും പത്തനംതിട്ട ജില്ലയിൽ 5 പേരും തിരുവനന്തപുരത്ത് 2 പേരും ഇന്നലെ നായ കടിച്ചു ചികിത്സതേടി. പത്തനംതിട്ടയിൽ വളർത്തു നായ്ക്കളാണ് ആക്രമിച്ചത്.
ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ അന്ധനായ ലോട്ടറി വിൽപനക്കാരൻ കലവൂർ കുളമാക്കിയിൽ കോളനി സ്വദേശി ചന്ദ്രനു (63) സർവോദയപുരത്തു വച്ചും പത്ര വിതരണത്തിനു പോയ ഏജന്റ് തലവടി തോട്ടടി വിരുപ്പിൽ റെജി തോമസിന് (52) എടത്വയ്ക്കു സമീപം വച്ചും നായയുടെ കടിയേറ്റു.
തൃശൂർ ജില്ലയിൽ ചാലക്കുടി പോട്ട പാപ്പാളി ജംക്‌ഷനിൽ തെരുവുനായ് കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് 2 വിദ്യാർഥികൾക്കു പരുക്കേറ്റു. ബൈക്കിടിച്ച നായ ചത്തു. പെരുമ്പിലാവ് പുത്തംകുളത്ത് മുറ്റത്തു പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ തെരുവുനായ് കടിച്ചു. യുവതിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുത്തിവയ്പു നടത്തി. ചിറ്റാട്ടുകരയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന്റെ കാലിൽ തെരുവുനായ കടിച്ചു. ഊരകത്ത് തെരുവുനായ്ക്കൂട്ടം ഓടിച്ച മച്ചാട് നാരായണന്റെ മകൻ കരുമത്തിൽ അനന്തുവിനെ (12) അയൽവാസികൾ രക്ഷിച്ചു. ചേർപ്പ് സിഎൻഎൻ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
കോഴിക്കോട് വടകരയിൽ മണിയൂർ കുന്നത്തുകരയിൽ തെരുവുനായ്ക്കൾ ഓടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞു സ്കൂട്ടർ യാത്രക്കാരൻ ചൊക്ലിയത്ത് റിയാസിനു പരുക്കേറ്റു. കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കു രോഗിയുമായി പോയ ഓട്ടോറിക്ഷ തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെത്തുടർന്നു മറിഞ്ഞ് ഡ്രൈവർ അടക്കം 4 പേർക്കു പരുക്കേറ്റു.