കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി- കർഷക ദ്രോഹ നയങ്ങള്‍ക്ക് എതിരേ തൊഴിലാളികളും ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് നടത്തും.
എട്ടിന് അർധരാത്രി 12 മുതല്‍ ഒൻപതിന് അർധരാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. ദേശീയ പണിമുടക്കില്‍ കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ജനറല്‍ കണ്‍വീനർ എളമരം കരീം അറിയിച്ചു.
കടകള്‍ അടച്ചും യാത്രകള്‍ ഒഴിവാക്കിയും എല്ലാവരും പണിമുടക്കുമായി സഹകരിക്കണം. ആശുപത്രികള്‍, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങള്‍, പാല്‍ വിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എളമരം കരീം പറഞ്ഞു.
സിഐടിയു, എഐടിയുസി. എച്ച്‌എംഎസ്, ടിയുസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എ ളമരം അറിയിച്ചു.