കൊല്ലം: സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്.സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു മിഥുന് ഷോക്കേറ്റത്.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കുട്ടിയുടെ ചെരുപ്പ് വീഴുകയായിരുന്നു. അതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉയർന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈൻ താഴ്‌ന്ന് കിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ ഈ വൈദ്യുതി ലൈനില്‍ പിടിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ ഉള്‍പ്പെടെ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി വേണം സ്‌കൂളിന് സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈൻ ക്രമീകരിക്കാൻ. കൃത്യമായ അന്വേഷണം ഉണ്ടാകണം എന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. സ്‌കൂളിന്റെ ഭാഗത്ത് നിന്നും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയാണ് ഒരു കുട്ടിയുടെ ജീവനെടുക്കാൻ കാരണമായതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.