കൊല്ലം: നടക്കുന്നതിനിടെ ഓടയില്‍ കാല്‍ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് പരിക്കേറ്റത്.കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കൊട്ടാരക്കര പുലമണിലാണ് അപകടം നടന്നത്. റോഡിന് കുറുകെ കടന്നുപോകുന്ന ഓടയിലാണ് കാല്‍ കുടുങ്ങിയത്. ഓടയ്ക്ക് മുകളില്‍ ഇരുമ്പ് കമ്പി സ്ഥാപിച്ചിട്ടുണ്ട്. കമ്പി ഇളകിക്കിടന്ന ഭാഗത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുട്ടിയുടെ കാല്‍ കുടുങ്ങിയത്.
പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. കമ്പി മാറികിടന്നിട്ട് കുറെ ദിവസങ്ങള്‍ ആയെന്നും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ അപകടത്തില്‍പ്പെടുന്നതും സ്ഥിരം സംഭവമാണ്.