റിയാദ്: സൗദിയില്‍ ജീവനൊടുക്കിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ പൂർത്തിയായി.റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആശാരിപ്പറമ്പില്‍ ഹൗസില്‍ ലിധിയ തോമസ് (31), റിയാദില്‍ ഡ്രൈവറായിരുന്ന കോട്ടയം കടയനിക്കാട് ഒലിക്കുന്നേല്‍ ഹൗസില്‍ ആല്‍ബിൻ തോമസ് (33) എന്നിവരുടെ മൃതദേഹങ്ങളാണ് ഈ ആഴ്ച നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ലിധിയ, റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 20-നാണ് അന്തരിച്ചത്.
അന്ന് രാവിലെ ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ശുമൈസിയിലെ സ്വന്തം ഫ്ലാറ്റില്‍ തിരിച്ചെത്തിയ ആല്‍ബിൻ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു. ദമ്പതികള്‍ അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് പ്രവാസലോകത്തെ നടുക്കിയ ഈ ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. നിലവില്‍ ശുമൈസി കിങ് സഊദ് മെഡിക്കല്‍ സിറ്റി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോള്‍ഡ് സ്റ്റോർ എന്നിവരാണ് നേതൃത്വം നല്‍കിയത്.
ആല്‍ബിന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ 7.15-നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്ന് കൊണ്ടുപോകും. ഇത് രാത്രി 10.20-ഓടെ നെടുമ്പാശ്ശേരിയിലെത്തിക്കും. ലിധിയയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ 11-ന് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുക. വൈകീട്ട് 6.30-ന് മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു ലിധിയ. രണ്ടു വർഷം മുമ്പാണ് ആല്‍ബിൻ തോമസ് റിയാദിലെത്തിയത്. ദമ്പതികള്‍ക്ക് സാറ ആല്‍ബിൻ (6) എന്നൊരു മകളുണ്ട്. കുട്ടി നിലവില്‍ നാട്ടില്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ്. തോമസ് ജോസഫ്, മിനി തോമസ് ദമ്പതികളുടെ മകനാണ് മരിച്ച ആല്‍ബിൻ തോമസ്. തോമസ് മാത്യൂ, ആൻസി തോമസ് എന്നിവരാണ് ലിധിയയുടെ മാതാപിതാക്കള്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

