മുക്കം: മുക്കം മുനിസിപ്പാലിറ്റിയിൽ നിന്നും, കാരശ്ശേരി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മൺമറഞ്ഞുപോയ 500 ഓളം വരുന്ന പൂർവ്വികരുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് വിചാരം മുക്കം പ്രസിദ്ധീകരിക്കുന്ന പൂർവ്വികരുടെ പാദ മുദ്രകൾ എന്ന സുകൃതം സ്മരണികയുടെ പ്രകാശനവും, കുടുംബ സംഗമവും ഡിസംബർ 8 ഞായർ വൈകു: 3 മണിക്ക് നോർത്ത് കാരശ്ശേരിയിലുള്ള കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
നീണ്ട ഒന്നര വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായാണ് വിചാരം മുക്കം പ്രവർത്തകർ പൂർവ്വികരുടെ ബന്ധുക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സ്മരണിക പൂർത്തിയാക്കിയിരിക്കുന്നത്. സമൂഹത്തിന് ഏതെങ്കിലും തരത്തിൽ സംഭാവനകൾ നൽകിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ആളുകളെയാണ് സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽനിന്ന് വിട്ടു പോയവരെ ഉൾപ്പെടുത്തി രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിചാരം മുക്കം പ്രവർത്തകർ.
ചടങ്ങ് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ സ്മരണിക പ്രകാശനം ചെയ്യും. ആദ്യ പ്രതി പ്രൊഫൈൽ ഗ്രൂപ്പ് ചെയർമാൻ പി. എം. ഹബീബ് റഹ്മാൻ ഏറ്റുവാങ്ങും.
എ.പി.മുരളീധരൻ പുസ്തക പരിചയം നടത്തുന്ന ചടങ്ങിൽ എം.എൻ. കാരശ്ശേരി, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു,
കേരള അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി. കുഞ്ഞാലി,കാരശ്ശേരി ബേങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ, മുക്കം മുഹമ്മദ്, വി.കെ. വിനോദ്, സി.പി. ചെറിയ മുഹമ്മദ്, പി. എം.തോമസ് മാസ്റ്റർ, സി. കെ. കാസിം, എം. ടി.അഷ്റഫ്, പി. പ്രേമൻ തുടങ്ങിയവർ സംബന്ധിക്കും.
ചടങ്ങിൽ സുകൃതം ഓർമ്മ ഗാനങ്ങൾ രചിച്ചവരെയും പാടി അവതരിപ്പിച്ചവരെയും, മറ്റു പ്രമുഖരെയും ആദരിക്കുമെന്ന് വിചാരമുക്കം പ്രസിഡണ്ട് എംസി മുഹമ്മദ്, ജനറൽ സെക്രട്ടറി പി കെ സി മുഹമ്മദ്, സെക്രട്ടറി, സുബൈർ അത്തൂളി, ട്രഷറർ ജി അബ്ദുൽ അക്ബർ, സംഘാടകസമിതി ചെയർമാൻ സി. മോഹനൻ എന്നിവർ അറിയിച്ചു.