സുന്ദർ‌ലാൽ ബഹുഗുണ കോവിഡ് -19 മൂലം മരിച്ചു

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. കോവിഡ് -19 ബാധിതനായിരുന്നു. 94 വയസ്സായിരുന്നു.

വനങ്ങളുടെയും ഹിമാലയൻ പർവതങ്ങളുടെയും നാശത്തിനെതിരെ പ്രതിഷേധിക്കാൻ ഗ്രാമീണരെ അനുനയിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്ത ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത് ബഹുഗുണ ആയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.05 ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആയിരുന്നു അന്ത്യം. കോവിഡ് -19 നെ നിരവധി ദിവസമായി പോരാടി വരികയായിരുന്നു എന്ന് എയിംസ് ഡയറക്ടർ രവികാന്ത് പറഞ്ഞു.

സ്ത്രീകള്‍ക്കും നദീ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു സുന്ദര്‍ലാല്‍ ബഹു​ഗുണ. ഉത്തരാഖണ്ഡിലെ തെഹ്‍രിക്ക് അടുത്ത് മറോദ ഗ്രാമത്തിലാണ് ജനനം. തൊട്ടുകൂടായ്മയ്ക്ക് എതിരയെും മദ്യപാനത്തിന് എതിരെയും പോരാടിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ തന്‍റെ സമരജീവിതത്തിന് തുടക്കം കുറിച്ചത്.

1974 മാര്‍ച്ച് 26 നാണ് ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്. കാടുകളിലെ മരങ്ങള്‍ മുറിക്കാന്‍ കോണ്‍ട്രാക്ടര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ആയിരുന്നു പോരാട്ടം.

ഇതിനെതിരെ സുന്ദര്‍ലാല്‍ ബഹു​ഗുണയുടെ നേതൃത്വത്തില്‍ കർഷകരും ഗ്രാമീണ ജനങ്ങളും സംഘടിച്ച് സമരം നടത്തുകയായിരുന്നു. മരങ്ങള്‍ കെട്ടിപ്പിടിച്ചായിരുന്നു ചിപ്കോയുടെ സമരരീതി. യുപിയിലെ റെനിയില്‍ മരം മുറിക്കുന്നത് തടയാനായിരുന്നു സമരം.

1980 മുതല്‍ 2004 വരെ തെഹ്‍രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്‍റെ പോരാളിയായിരുന്നു. അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി നിരവധി തവണ ഉപവാസ സമരം നടത്തി ശ്രദ്ധ നേടിയിരുന്നു.

1995 ല്‍ തന്‍റെ 45 ദിവസം നീണ്ടുനിന്ന ഉപവാസ സമരം സുന്ദര്‍ലാല്‍ ബഹുഗുണ അവസാനിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി പി വി നരസിഹം റാവു നല്‍കിയ ഒരു ഉറപ്പിന്മേലായിരുന്നു. അണക്കെട്ടിന്‍റെ മോശം വശങ്ങളെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നായിരുന്നു ആ ഉറപ്പ്.

2009 ല്‍ സുന്ദര്‍ലാല്‍ ബഹു​ഗുണയെ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ പത്മശ്രീ ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.

spot_img

Related Articles

Latest news