തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍; ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്നാട് സർക്കാർ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് രാത്രകാല കർഫ്യൂ ഏർപ്പെടുത്തുക. ഞായറാഴ്ചകളിൽ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു.

രാത്രികാല കർഫ്യൂ സമയങ്ങളിൽ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തർ സംസ്ഥാന യാത്രകൾക്കും നിരോധനമുണ്ട്. അവശ്യ സേവനങ്ങൾ മാത്രമായിരിക്കും കർഫ്യൂ സമയത്ത് അനുവദിക്കുക. മാധ്യമങ്ങൾ, പെട്രോൾ പമ്പുകൾ, തുടർ പ്രവർത്തനം ആവശ്യമുള്ള വ്യവസായങ്ങൾ, അവശ്യവസ്തുക്കളുടെ നിർമാണത്തിൽ ഏർപ്പെടുന്നവർ എന്നിവരെ കർഫ്യൂവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.

ഞായറാഴ്ചകളിൽ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തന അനുമതി. ഹോട്ടലുകളിൽ രാവിലെ 6 മുതൽ 10 വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും വൈകിട്ട് 6 മുതൽ 9 വരെയും പാർസൽ സൗകര്യം അനുവദിക്കും.

സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം വിവാഹങ്ങളിൽ 100 പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 50 പേർക്കും മാത്രമേ അനുമതിയുള്ളൂ. ഹിൽ സ്റ്റേഷനുകൾ, ബീച്ചുകൾ, പാർക്കുകൾ, മൃഗശാലകൾ എന്നിവ അടയ്ക്കും. വലിയ കടകൾ, മാളുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

ഇതിനിടെ തമിഴ്നാട്ടിൽ ഇന്ന് 10,723 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 42 പേർ കോവിഡ് ബാധിച്ച് മരിച്ചപ്പോൽ 5,925 പേർ രോഗമുക്തരായി. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,91,451 ആയി ഉയർന്നപ്പോൾ 70,391 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

spot_img

Related Articles

Latest news