9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശുഭാവസാനം; സുനിത വില്യംസും സംഘവും ഭൂമിയിലെത്തി; പുറത്തിറങ്ങിയത് കൈവീശി കാണിച്ച്‌ പുഞ്ചിരിയോടെ

ന്യൂയോര്‍ക്ക്: ഒന്‍പതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും ഭൂമിയില്‍ തിരിച്ചത്തി.ഇതോടെ ലോകമെങ്ങും മാസങ്ങളായി നിലനിന്ന ആകാംക്ഷയ്ക്ക് അറുതിയായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിന് സമീപം അറ്റ് ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്.

ബുച്ച്‌ വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കൈ വീശിക്കാണിച്ച്‌ ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി.

കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കുശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്ക് മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററില്‍ കൊണ്ടുപോകുക.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച്‌ വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഐ.എസ്.എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.

ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ബുധനാഴ്ച പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ് ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിക്കുകയായിരുന്നു.

spot_img

Related Articles

Latest news