കോഴിക്കോട് : കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വൈരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ഐക്യസന്ദേശം കൈമാറി മുസ്ലിം, ക്രൈസ്തവ നേതാക്കളുടെ കൂടിക്കാഴ്ച്ച. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, വൈസ് പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, സെക്രട്ടറി ജബ്ബാർ സഖാഫി, ഐ പി എഫ് പ്രതിനിധി അഡ്വ. സി എ മജീദ് എന്നിവരാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂടിക്കാഴ്ച നടത്തിയത് .
ഇരുസമുദായങ്ങളുമായും ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ സുന്നി നേതാക്കൾ കര്ദിനാളുമായി ചർച്ച ചെയ്തു. മുൻ കാലങ്ങളിൽ നിലനിന്ന സമുദായ സൗഹൃദത്തിനു പരിക്കേല്പിക്കുന്ന പ്രചാര വേലകൾക്കെതിരെ ഇരു സമുദായങ്ങളിലെയും വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യത നേതാക്കൾ പങ്കുവെച്ചു.
സാമൂഹിക നീതിക്ക് വേണ്ടിയുള്ള സംയുക്തമായ മുന്നേറ്റം ഉണ്ടാകേണ്ട സന്ദർഭത്തിൽ ന്യൂനപക്ഷ സമുദായങ്ങൾ വിഘടിച്ചു നിൽക്കുകയല്ല വേണ്ടത്. തെറ്റിധാരണകൾ നീക്കി സാമുദായിക സൗഹാർദ്ദം നിലനിർത്താൻ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും അദ്ദേഹം പൂർണ പിന്തുണ അറിയിച്ചു

 
                                    