ന്യൂഡൽഹി : മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി കുടുംബം സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് യു യു ലളിത് ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ മഥുര, അലഹബാദ് കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സിദ്ദിഖ് കാപ്പന് അനുകൂലമായ ഉത്തരവ് ഉണ്ടായത്. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് സിദ്ദിഖ് കാപ്പനു വേണ്ടി ഹാജരായത്.
2020 ഒക്ടോബർ അഞ്ചു മുതൽ സിദ്ദിഖ് കാപ്പൻ ജയിലിലാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷയെ യുപി സർക്കാർ ശക്തമായി എതിർത്തു. പോപ്പുലർ ഫ്രണ്ട് ഭീകരസംഘടനയാണെന്നായിരുന്നു യുപി സർക്കാരിൻ്റെ വാദം. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ട്. തേജസ് ദിനപത്രത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് കാപ്പൻ. അതുകൊണ്ടുതന്നെ പോപ്പുലർ ഫ്രണ്ടിൻ്റെ നീക്കങ്ങൾ കാപ്പന് അറിയാമായിരുന്നു. പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ച പണവുമായി കലാപമുണ്ടാക്കാനാണ് സിദ്ദിഖ് കാപ്പൻ ഹത്രാസിൽ പോയതെന്നും യുപി സർക്കാരിനു വേണ്ടി ഹാജരായ മഹേഷ് ജെത്മലാനി കോടതിയിൽ ചൂണ്ടിക്കാട്ടി
സിദ്ദിഖ് കാപ്പനെതിരെ എന്തൊക്കെ തെളിവുകളാണ് യുപി സർക്കാരിനു ലഭിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. സിദ്ദിഖ് കാപ്പൻ അറസ്റ്റിലായപ്പോൾ ചില ലഘുലേഖകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടായിരുന്നുവെന്ന് യുപി സർക്കാർ മറുപടി നൽകി. ഇവ കോടതിയിൽ ഹാജരാക്കി. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയോ എന്നു ചോദിച്ച കോടതി ലഘുലേഖകളുടെയും തിരിച്ചറിയൽ കാർഡുകളുടെയും അടിസ്ഥാനത്തിൽ മാത്രം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്നും ചോദ്യം ഉന്നയിച്ചു. അന്വേഷണം തുടരുകയാണെന്നും കാപ്പനെതിരെ മറ്റു പ്രതികളുടെ മൊഴികളുണ്ടെന്നും യുപി സർക്കാർ വാദിച്ചു.
എന്നാൽ മറ്റു പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ എങ്ങനെ കുറ്റം ചുമത്താനാകുമെന്ന് കോടതി ചോദിച്ചു. കൂടുതൽ പേരുടെ മൊഴിയെടുക്കുന്നുണ്ടെന്നും പ്രതികളിൽ ചിലർ മാപ്പുസാക്ഷികളാകാൻ സാധ്യതയുണ്ടെന്നും യുപി സർക്കാർ വാദം തുടർന്നു. രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കാമെന്നും അതുവരെ ജാമ്യം നൽകരുതെന്നുമായിരുന്നു യുപി സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഇത് തള്ളിയ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആറാഴ്ചത്തേക്ക് ഡൽഹിയിൽ തുടരണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ആറാഴ്ചയ്ക്കുശേഷം കാപ്പന് കേരളത്തിലേക്കു മടങ്ങാം. കേരളത്തിൽ എത്തിയാൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു.