ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. പുതിയ നിയമങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.വഖഫ് ഭേദഗതി നിയമത്തില്‍ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്നായിരുന്നു കോടതിയില്‍ കേന്ദ്രം അറിയിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളും നല്‍കിയിട്ടുണ്ട്. രേഖകള്‍ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സാവകാശം തേടി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ വഖഫ് ബോർഡുകളില്‍ നിയമനം നടത്തരുതെന്ന് കോടതിവിധിയില്‍ പറയുന്നു. ദീർഘകാലമായി ഉപയോഗിക്കുന്ന വഖഫ് സ്വത്ത് ഡീനോട്ടിഫൈ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു.
ഹിന്ദുക്കളുടെ ബോർഡുകളില്‍ മുസ്ലീങ്ങളെ നിയമിക്കുമോയെന്ന് ഇന്നലെ ചോദിച്ച കോടതി വിധികളെ റദ്ദാക്കാൻ നിയമനിർമ്മാണം കൊണ്ടുവരാൻ കഴിയില്ലെന്നും പറഞ്ഞു. ഇന്നലെ ഒരുവേള ഇടക്കാല ഉത്തരവിലേക്ക് നീങ്ങിയെങ്കിലും സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയുടെ അഭ്യർത്ഥനമാനിച്ച് ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് തുടർവാദം തീരുമാനിക്കുകയായിരുന്നു. നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള 73 ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. മുസ്ലീം ലീഗ്, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് സിംഗ്‌വി, രാജീവ് ധവാൻ എന്നിവർ നിയമത്തെ എതിർത്തു.