ന്യൂഡല്‍ഹി : ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെ നിശബ്ദനാക്കാന ഉപയോഗിച്ച രാജ്യദ്രോഹ നിയമം സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും ആവശ്യമാണോയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ചോദ്യം ഉന്നയിച്ചത്. രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ ആവശ്യപ്പെട്ട് മുന്‍ സൈനികോദ്യോഗസ്ഥന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.വിഷയത്തില്‍ കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി.
രാജ്യദ്രോഹ കുറ്റം ചുമത്തുന്ന 124-എ വകുപ്പ് ദുരുപയോഗിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്നും മരം മുറിക്കാന്‍ ആശാരിയ്ക്ക് നല്‍കിയ മഴുകൊണ്ട് കാട് വെട്ടിത്തെളിക്കുന്നതിന് സമാനമാണിതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. 124-എ വകുപ്പ് അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. വകുപ്പ് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു.
124-എ പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്നും ഇത് എടുത്ത് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാറിനോട് നീരസം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്നത്, അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശമാക്കിയ ആര്‍ട്ടിക്കിൾ 19(1)(എ)യുടെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പിനെ ചോദ്യം ചെയ്ത് നേരത്തേ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചും കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു.