കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ 2000 വോട്ടിന് ജയിക്കുമെന്ന് അമിത് ഷാ ആവിഷ്കരിച്ച ശക്തികേന്ദ്രയുടെ വിലയിരുത്തല്‍. ബൂത്തുതലത്തില്‍ നിന്നുള്ള ശക്തികേന്ദ്ര പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച യോഗത്തില്‍ വിജയം ഉറപ്പ് നല്‍കിയത്. വോട്ടെടുപ്പിന് തൊട്ടു മുമ്പായിരുന്നു വിലയിരുത്തല്‍.
അതിര്‍ത്തിയില്‍ ഉള്‍പ്പെടെ ബി.ജെ.പി കേന്ദ്രങ്ങളില്‍ രാവിലെ മുതലുണ്ടായ കനത്ത പോളിംഗും ഈ സൂചനയാണ് നല്‍കുന്നത്. സി.പി.എം ഇത്തവണ യു.ഡി.എഫിന് വോട്ടു മറിക്കില്ലെന്നതാണ് വിജയസാദ്ധ്യതയ്ക്ക് പിന്നിലുള്ള പ്രധാന കാരണമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.എം ജില്ലാ കമ്മറ്റി അംഗം വി.വി .രമേശന്‍ മത്സരിക്കുന്നതിനാല്‍ ഇത്തവണ ക്രോസ് വോട്ട് ഉണ്ടാകില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
40000 ത്തിന് മുകളില്‍ വോട്ട് എല്‍.ഡി.എഫ് പിടിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബി ജെ പിയുടെ ഹിന്ദു വോട്ടില്‍ ചോര്‍ച്ച ഉണ്ടാകില്ലെന്നും 2016 ലെ പോലെ കാന്തപുരം സുന്നി വോട്ടുകള്‍ ലഭിക്കുമെന്നും ശക്തികേന്ദ്ര പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സുരേന്ദ്രന്റെ ജയസാധ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
89 വോട്ടിന് 2016 ല്‍ തോറ്റ കെ. സുരേന്ദ്രനോട് മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സഹതാപം ഉണ്ടെന്നും അത് അനുകൂല വോട്ടായി മാറുമെന്നും ശക്തികേന്ദ്ര വിലയിരുത്തുന്നു. വീടുകളില്‍ പ്രചാരണത്തിന് പോയ ബി.ജെ.പി നേതാക്കളോട് വോട്ടര്‍മാര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും സുരേന്ദ്രന്‍ ഇവിടെ നിന്ന് നിയമസഭയില്‍ എത്തണമെന്ന് ഭൂരിപക്ഷവും ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു.