വീണ്ടും ചര്‍ച്ചയായി ക്യാപിറ്റല്‍ പണിഷ്മെന്‍റ്, ‘കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ നിലവിട്ട ആക്ഷേപങ്ങളുന്നയിച്ചു’; ആലപ്പുഴ സമ്മേളനത്തില്‍ നിന്നും വി എസ് ഇറങ്ങിപ്പോയതിൻ്റെ കാരണം തുറന്ന് പറഞ്ഞ് സുരേഷ് കുറുപ്പ്

 

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞത് പാർട്ടിയിലെ തന്നെ ഒരു യുവ വനിതാ നേതാവെന്ന് മുൻ എംഎല്‍എ സുരേഷ് കുറുപ്പ്.മാതൃഭൂമി വാരാന്തപതിപ്പില്‍ എഴുതിയ ‘ഇങ്ങനെയൊക്കെയായിരുന്നു എൻ്റെ വി എസ്’ എന്ന ലേഖനത്തിലാണ് സുരേഷ് കുറുപ്പ് വിവാദ തുറന്നുപറച്ചില്‍ നടത്തിയത്. ‘ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് ക്യാപിറ്റല്‍ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി’യെന്നാണ് സുരേഷ് കുറുപ്പ് തുറന്ന് പറഞ്ഞത്.

ഇതോടെ പാർട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയായി ക്യാപിറ്റല്‍ പണിഷ്മെന്‍റ് പരാമര്‍ശം. വനിതാ നേതാവിന്റെ പരാമർശത്തിന് പിന്നാലെ വിഎസ് സമ്മേളനം ബഹിഷ്കരിച്ച്‌ പോവുകയായിരുന്നു. ‘ഏകനായി, ദുഃഖിതനായി പക്ഷെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേയ്ക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാർട്ടിയെ അധിക്ഷേപിച്ചില്ല’ കൊച്ചുമക്കളുടെ പ്രായമുള്ളവർ സമ്മേളനങ്ങളില്‍ നിലവിട്ട ആക്ഷേപങ്ങളുന്നയിച്ചുവെന്നും സുരേഷ്‍കുറുപ്പ് ലേഖനത്തില്‍ പറഞ്ഞു. 2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം.

പാർട്ടിയില്‍ ഒറ്റപെട്ടപ്പോഴും വി.എസ് കരുത്തോടെ തന്റെ പോരാട്ടം തുടർന്നു കൊണ്ടിരുന്നു. ‘താൻപിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു എപ്പോഴും വി എസ് നയം. അദ്ദേഹത്തിൻ്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവർ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു’വെന്ന ആമുഖത്തോടെയാണ് സുരേഷ് കുറുപ്പ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുണ്ടായ സാഹചര്യം വിശദീകരിച്ചിരിക്കുന്നത്. നായനാർ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശിവരാമൻ നായർ കമ്മീഷനില്‍ വി എസിന് വേണ്ടി വക്കാലത്ത് ഇടാൻ സുരേഷ് കുറുപ്പിനെ നിയോഗിച്ചിരുന്നു.

ഇതോടെ താൻ വിഎസ് പക്ഷമായി മുദ്രകുത്തപ്പെട്ടു എന്നും സുരേഷ് കുറുപ്പ് തുറന്ന് പറഞ്ഞു. രാഷ്ട്രീയത്തില്‍ നടന്ന എല്ലാകാര്യങ്ങളിലും ഞാൻ വി എസിനൊപ്പമാണെന്ന് എൻ്റെ അഭ്യുദയകാംക്ഷികള്‍ സ്ഥാപിച്ചു. ഞാൻ അതൊന്നും തിരുത്താനും പോയില്ല എന്ന് സുരേഷ് കുറുപ്പ് കുറിപ്പില്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ലേഖനത്തിലെ തുറന്ന് പറച്ചിലുകള്‍ സംബന്ധിച്ച്‌ സുരേഷ് കുറുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പറയാനുള്ളതെല്ലാം ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയത്.

spot_img

Related Articles

Latest news