സീതത്തോട്:വിവാഹ തീയതി നിശ്ചയിച്ച് കഴിഞ്ഞപ്പോഴാണ് വാര്‍ത്തയെത്തിയത്. സംസ്ഥാനത്ത് മെയ് എട്ടുമുതല്‍ ലോക്ക് ഡൗണ്‍ ആണെന്ന പ്രഖ്യാപനം.
പിന്നെയൊന്നും നോക്കിയില്ല ഉള്ള സൗകര്യത്തില്‍ അപ്പോള്‍ തന്നെ കല്യാണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. നിശ്ചയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹവും നടന്നു. കുമ്പനാട് സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയാണ് പെട്ടെന്നുള്ള ഈ വിവാഹത്തിന് സാക്ഷിയായത്.
കുമ്പനാട് സ്വദേശി ജോയലിന്റെയും സീതത്തോട് സ്വദേശി ഡെല്ലയുടെയും വിവാഹമാണ് നിശ്ചയദിവസം തന്നെ നടന്നത്. അപ്രതീക്ഷിതമായിട്ടാണെങ്കിലും നിശ്ചയദിവസം തന്നെ വിവാഹം മംഗളമായി നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വധുവരന്‍മാര്‍.
വ്യാഴാഴ്ച രാവിലെ ആയിരുന്നു ഡെല്ലയുടെയും ജോയലിന്റെയും വിവാഹനിശ്ചയം നടന്നത്. ശനിയാഴ്ച വിവാഹം നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍, വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വാര്‍ത്തയെത്തിയത്.
ഇതോടെ ഇരു വീട്ടുകാരും എന്തു ചെയ്യണമെന്ന ചര്‍ച്ചയിലായി. ശനിയാഴ്ച ലോക്ക്ഡൗണ്‍ തുടങ്ങുന്നതിനാല്‍ വ്യാഴാഴ്ച തന്നെ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം 05.50ഓടെ കുമ്പനാട് സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ വിവാഹവേദി ഒരുങ്ങി. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് വിവാഹ ചടങ്ങുകളുടെ കാര്‍മികനായി. കുമ്പനാട് കല്ലേത്ത് ജേക്കബ് എബ്രഹാം – സിസിലി ജേക്കബ് മകനാണ് വരനായ ജോയല്‍. കാനഡയിലാണ് വരന്‍ ജോയല്‍.
സീതത്തോട് കാരംവേലിമണ്ണില്‍ ദാനിയേല്‍ വര്‍ഗീസ് – ജോളി ദമ്പതികളുടെ മകളാണ് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ഡെല്ല കെ ദാനിയേല്‍. ഇന്നലെ രാവിലെ 11 മണിയോടെ സീതത്തോട് കൊച്ചുകോയിക്കല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ പള്ളിയില്‍ ആയിരുന്നു വിവാഹ നിശ്ചയം.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ആയിരുന്നു ലോക്ക്ഡൗണ്‍ വാര്‍ത്ത എത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വൈകുന്നേരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ, കോവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് രണ്ടു തവണ വിവാഹം മാറ്റി വെച്ചിരുന്നു. നിശ്ചയത്തിനു ഭക്ഷണം ഒരുക്കിയ കേറ്ററിങ് സര്‍വീസുകാര്‍ വിവാഹത്തിനും ഭക്ഷണം ഒരുക്കി. വിവാഹത്തിനുള്ള മറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നതിനാല്‍ മംഗളകരമായി വിവാഹം നടന്നു.