സ്വരാജ് റൌണ്ട് ഇനിമുതൽ ശബ്ദ രഹിത മേഖല.

തൃശ്ശൂർ :കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം മാതൃകാപരമായ ഒരു പ്രവൃത്തികൂടി മുന്നോട്ടു വെക്കുകയാണ്. പതിനാറു റോഡുകൾ സംഗമിക്കുന്ന തൃശൂർ സ്വരാജ് റൌണ്ട് ശബ്ദരഹിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പ്രവേശിക്കുന്ന വാഹനങ്ങൾ ഇനിമുതൽ ഹോൺ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.

ശബ്ദകോലാഹലങ്ങൾ എപ്രകാരമാണ് മനുഷ്യർക്കും ജീവജാലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് എല്ലാവർക്കും അറിവുള്ളതാണ്. ആവശ്യത്തിനും അനാവശ്യത്തിനും പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറച്ചുകൊണ്ടുവരേണ്ടത് വളരെ അനിവാര്യമാണ്. വാഹനങ്ങളിൽ നിന്നും ഉച്ചത്തിൽ മുഴക്കുന്ന ഹോൺ ആണ് ശബ്ദമലിനീകരണങ്ങളിൽ ഒന്നാമത്. അതിനാലാണ് തൃശൂർ കോർപ്പറേഷനും തൃശൂർ സിറ്റി പോലീസും സംയുക്തമായി തൃശൂർ സ്വരാജ് റൌണ്ട് പ്രദേശം ഹോൺരഹിത നിശബ്ദമേഖലയായി പ്രഖ്യാപിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും ഇത്തരത്തിലുള്ള നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

നിരവധി ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും ചേരുന്ന പ്രദേശമാണ് തൃശൂർ സ്വരാജ് റൌണ്ട്. റോഡുകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ഹോൺ മുഴക്കാതെ, സമചിത്തതതയോടും പരസ്പരബഹുമാനത്തോടും കൂടി ഡ്രൈവ് ചെയ്യുക എന്ന സംസ്കാരം പൊതുജനങ്ങളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശം കൂടി ഈ ഉദ്യമത്തിനുണ്ട്. ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനുവേണ്ടി സ്വരാജ് റൌണ്ടിലും പരിസരപ്രദേശങ്ങളിലും നോ-ഹോൺ ബോർഡുകൾ സ്ഥാപിച്ചു. തൃശൂർ അസി. കമ്മീഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ, ഓട്ടോറിക്ഷാ പാർക്കിങ്ങ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഇതുസംബന്ധിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുകയും, നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. അനാവശ്യമായി ഹോൺമുഴക്കി വാഹനമോടിച്ച ഡ്രൈവർമാരെ താക്കീത് ചെയ്തു. ഇത്തരം ബോധവൽക്കരണ പരിപാടികൾ വരും ദിവസങ്ങളിലും തുടരും.

നിയമലംഘകർക്ക് പിഴയീടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ രണ്ടാം ഘട്ടത്തിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ശബ്ദമലിനീകരണ മുക്തമായ തൃശൂരിനുവേണ്ടി ഒത്തുചേരാൻ തൃശൂർ സിറ്റി പോലീസ് നിങ്ങളേയും ക്ഷണിക്കുന്നു

spot_img

Related Articles

Latest news