മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19കാരനെ തേടി സ്വീഡനിൽ നിന്ന് വീടുവിട്ട് മുംബൈയിലെത്തിയ 16കാരിയെ ക്രൈംബ്രാഞ്ച് കണ്ടെത്തി കുട്ടിയുടെ രക്ഷിതാക്കളെ ഏൽപിച്ചു. ഇന്റർപോൾ അറിയിപ്പ് കിട്ടിയതിനെ തുടർന്നാണ് മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
നവംബർ 27നാണ് കുട്ടിയുടെ പിതാവിെൻറ പരാതിയിൽ സ്വീഡനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇദ്ദേഹം ഇന്ത്യയിൽ വേരുകളുള്ളയാളാണ്. യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി ട്രോംബെ മേഖലയിലാണ് താമസിക്കുന്നതെന്ന് വ്യക്തമായി.
തുടർന്ന് പൊലീസെത്തി കുട്ടിയെ ദക്ഷിണ മുബൈയിലെ ശിശുഭവനിലേക്ക് മാറ്റി. ഇക്കാര്യങ്ങൾ ഡൽഹിയിലെ സ്വീഡിഷ് എംബസിയെയും അറിയിച്ചു.
വെള്ളിയാഴ്ച രക്ഷിതാക്കൾ സ്വീഡനിൽ നിന്നെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം, കുട്ടിയുമായി തിരിച്ചുപറന്നു. ടൂറിസ്റ്റ് വിസയിലാണ് പെൺകുട്ടി എത്തിയത്. ഇൻസ്റ്റഗ്രാം സുഹൃത്തിനെക്കുറിച്ച് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.