ന്യൂഡല്‍ഹി: ഇന്ത്യയുടെ തേന്‍ ഉത്പാദനം വിജയത്തിലേക്ക്. പ്രതിവര്‍ഷം ഒരുലക്ഷം ടണ്‍ തേന്‍ എന്ന നിലയില്‍ ഉത്പാദനം ഉയര്‍ന്നു. എന്നാല്‍ തേന്‍ കയറ്റുമതിയില്‍ ഇന്ത്യ എട്ടാംസ്ഥാനത്തെത്തി. പ്രതിവര്‍ഷം 35,000 ടണ്‍ എന്ന നിലയില്‍ നിന്നാണ് 2020-ല്‍ ഒരുലക്ഷം ടണ്‍ തേനെന്ന നിലയിലെത്തിയത്. പത്തുവര്‍ഷത്തിനിടെ 200 ശതമാനം വളര്‍ച്ചയുണ്ടായി.
അതേസമയം ജര്‍മനി, യു.എസ്.എ., യു.കെ., ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ തേനിന് പ്രിയമേറിയത്. ചൈനയാണ് തേന്‍കയറ്റുമതിയില്‍ ഇപ്പോള്‍ മുന്‍നിരയില്‍. എന്നാല്‍, ഗുണനിലവാരത്തില്‍ മുന്നിലുള്ള ഇന്ത്യന്‍ തേനിന് ആഗോളവിപണിയില്‍ പ്രിയമേറുന്നുണ്ട്. പുതുതായി 1.35 ലക്ഷം തേന്‍പെട്ടികള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായത് ഉത്പാദനവര്‍ധനയ്ക്ക് കാരണമായി. 16,000 പുതിയ കര്‍ഷകര്‍ ഈ രംഗത്തേക്കുവന്നു. തേനീച്ചകള്‍മൂലം പരാഗണം കൂടുതല്‍ നടന്നതിനാല്‍ വിളവും കൂടി.
കേന്ദ്രം തേനീച്ചക്കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് ആനുകൂല്യങ്ങള്‍ നല്‍കിയതോടെയാണ് കൃഷിയില്‍ താത്പര്യമേറിയത്. 500 കര്‍ഷകരുള്ള ക്ലസ്റ്ററിന് അഞ്ചുകോടി രൂപവരെ വിനിയോഗിച്ചിട്ടുണ്ട്. തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ 2020-21 വര്‍ഷത്തേക്ക് 63 കോടി രൂപ നീക്കിവെച്ചു. മറ്റ് സംരംഭങ്ങള്‍ നടത്തുന്നവര്‍, മറ്റ് കൃഷിക്കാര്‍, തൊഴിലില്ലാത്ത യുവജനങ്ങള്‍, വീട്ടമ്മമാര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരെ തേനീച്ചക്കൃഷിയിലേക്ക് എത്തിക്കാനും ശ്രമം തുടങ്ങി. നബാര്‍ഡ്, നെഹൃയുവകേന്ദ്ര, എസ്.സി., എസ്.ടി.വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സംസ്ഥാനങ്ങളിലെ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.