തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ. എസ്. ഐ. ടി. ഐ. എല്‍) ചെയര്‍മാനായിരുന്ന എം. ശിവശങ്കര്‍, മാനേജിങ് ഡയറക്ടര്‍ സി. ജയശങ്കര്‍ പ്രസാദ്, സ്പെയ്സ് പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ ആസൂത്രിത പ്രവൃത്തികള്‍ മൂലമാണ് യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് വഴി നിയമിച്ചതെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍.
യോഗ്യതയില്ലാത്ത നിരവധിപേരെ നിയമിച്ച് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐ.ടി സെക്രട്ടറിക്ക് കൈമാറിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് ശമ്പള ഇനത്തില്‍ നല്കിയ 16.15 ലക്ഷം രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍നിന്ന് ഈടാക്കണമെന്നും ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അത് ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി യോഗ്യതയില്‍ മാറ്റം വരുത്തി നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണം. കെ.എസ്.ഐ.ടി.ഐ.എല്ലില്‍ ജോലി നോക്കാവുന്ന പരമാവധി പ്രായപരിധിയായ 58 കഴിഞ്ഞശേഷം എന്‍. മോഹനകുമാറിനെ ശിവശങ്കറിന്റെ താല്പര്യപ്രകാരം ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു. ഇയാളുടെ സേവനം അവസാനിപ്പിക്കണം. മോഹനകുമാറിന് ക്രമവിരുദ്ധമായി അനുവദിച്ച 2,20,370 രൂപ അലവന്‍സ് ഫിനാന്‍സ് മാനേജര്‍ രമ്യ, മാനേജിങ് ഡയറക്ടര്‍ സി. ജയശങ്കര്‍ പ്രസാദ്, ചെയര്‍മാനായിരുന്ന ശിവശങ്കര്‍ എന്നിവരില്‍നിന്ന് 18 ശതമാനം പലിശയടക്കം ഈടാക്കണം.
യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട കമ്പനി സെക്രട്ടറി രമ്യ ആര്.എസ്സിന്റെ സേവനം ഉടന്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ചില തൊഴില്‍ കണ്‍സള്‍ട്ടന്‍സികള്‍ മുഖേനയുള്ള നിയമനങ്ങള്‍ അടിയന്തരമായി അവസാനിപ്പിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണം. കെ.എസ്.ഐ.ടി.ഐ.എല്ലില്‍ ആകെ 21 തസ്തിക മാത്രം നിലവിലുള്ളപ്പോള്‍ 2009 മുതല്‍ 2020വരെ 62 പേരെ വിവിധ തസ്തികകളിലായി നിയമിച്ചു. എന്നാല്‍ എം.ഡി ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ ഈ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ എം.ഡിയെ തന്നെ ഏല്പിച്ചതായും ആക്ഷേപമുണ്ട്.