ബിഷപ്പിൻ്റെ പരാമർശം തള്ളിപ്പറയാൻ സഭ മുന്നോട്ടു വരണം: എസ്. വൈ. എസ്

കോഴിക്കോട്: അടിസ്ഥാന രഹിതമായ പരാമർശങ്ങൾ ഉന്നയിച്ച് സൗഹാർദ്ദത്തിൽ കഴിയുന്ന സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ട്ടിക്കാനുള്ള നീക്കങ്ങളിൽ നിന്ന് മതനേതൃത്വം വിട്ട് നിൽക്കണമെന്ന് എസ്.വൈ.എസ് സ്റ്റേറ്റ് യൂത്ത് കൗൺസിൽ ആഹ്വാനം ചെയ്തു.

കേരളത്തിൽ നൂറ്റാണ്ടുകളായി പുലർത്തിപ്പോരുന്ന സാമുദായിക സൗഹാർദാന്തരീക്ഷം മാതൃകാപരമാണ്. നിലവിൽ നിക്ഷിപ്ത താല്പര്യമുള്ളവരും സാമൂഹ്യമാധ്യമങ്ങളിൽ വഴിവിട്ട ഇടപെടൽ നടത്തുന്നവരും കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്നതിനുള്ള ഗൂഢമായ ശ്രമങ്ങൾ നടത്തുന്നു എന്നത് ലാഘവത്തോടെ കാണാൻ കഴിയില്ല

ഇത്തരം സാഹചര്യത്തിൽ മത സമുദായ നേതാക്കൾക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും പരസ്പരം അറിയാനും അവസരമുണ്ടാക്കണം. കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് നടത്തിയ അടിസ്ഥാന രഹിതമായ നാർക്കോട്ടിക് ജിഹാദ് പരാമർശം പോലെയുള്ള അപക്വമായ പ്രതികരണങ്ങളെ തള്ളിക്കളയാനും തിരുത്താനും ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനും അദ്ദേഹം ഉൾക്കൊള്ളുന്ന വിശ്വാസി സമൂഹവും സഭാ നേതൃത്വവും മുന്നോട്ടുവരണം. സംഘർഷങ്ങൾ ആർക്കും ഒന്നും നേടിത്തരില്ല.

സമൂഹത്തിന്റെ ചിന്താ ശേഷിയെ തകർക്കുന്ന നാർക്കോട്ടിക്ക് വിപത്തിനെതിരെ എല്ലാ വിഭാ​ഗവും യോജിച്ചു കൊണ്ടുള്ള സമരമാണ് വേണ്ടത്.

മദ്യവും മയക്കു മരുന്നും നാടിന്റെ വികസനവും കുടുംബ ഭദ്രതയും തകർക്കുന്നു. ഇത് ഏതെങ്കിലും ഒരു സമൂഹത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ജാ​ഗ്രതക്കുറവ് മൂലം എവിടെയെങ്കിലും ഇത്തരം തിന്മകൾ വർധിക്കുന്നുണ്ടെങ്കിൽ മറ്റു മതങ്ങളെ പഴിചാരുന്നതിനു പകരം അവരിൽ ബോധ വൽകരണം നടത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ എസ്.വൈ.എസ് മാതൃകാപരമായ ഇടപെടൽ നടത്തും. കൗൺസിൽ അംഗീകരിച്ച പ്രമേയം കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങൾ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് പറവൂർ, അബൂബക്കർ മാസ്റ്റർ പടിക്കൽ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, റഹ്മതുല്ലാഹ് സഖാഫി എളമരം, ബശീർ പുളിക്കൂർ, അബ്ദുൽ ജബ്ബാർ സഖാഫി എന്നിവർ വിവിധ ഡയരക്ടറേറ്റുകളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, അബ്ദുസ്സലാം മുസ് ലിയാർ, ആർ പി ഹുസൈൻ, ഇ.കെ.മുഹമ്മദ് കോയ സഖാഫി, എൻ എം സാദിഖ് സഖാഫി, സിദ്ധീഖ് സഖാഫി, വി.പി.എം ബശീർ തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news