കട്ടാങ്ങൽ: ക്യാൻസർ രോഗ ചികിത്സയ്ക്ക് കേരളത്തിൽ പ്രസിദ്ധമായിക്കഴിഞ്ഞ ചൂലൂർ എം വി ആർ ക്യാൻസർ സെൻററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലോക്ഡൗണിലും ആശ്വാസമാവുകയാണ് എസ് വൈ എസ് ഇഫ്താർ. നഗരപ്രദേശങ്ങളിൽ നിന്ന് ഏറെ ഒറ്റപ്പെട്ടാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്. പരിസരത്ത്
പര്യാപ്തമായ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ നിലവിലില്ല. തൃപ്തിയാകും വിധം ഭക്ഷണം കഴിക്കാനും മറ്റ് ആവശ്യങ്ങൾ നിറവേറ്റാനും അഞ്ചു കിലോമീറ്ററിനടുത്ത് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്.
റമളാൻ അല്ലാത്ത കാലത്ത് തന്നെ ഇതാണ് സ്ഥിതിയെങ്കിൽ റമളാനിൽ നോമ്പ് തുറക്കാനും അത്താഴത്തിനും വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. ലോക്ഡൗൺ ആയതോടെ ഭക്ഷണം ലഭിക്കാൻ ഒരു വഴിയും ഇല്ലാത്ത അവസ്ഥയായി.
ഈ പ്രതിസന്ധിക്കിടയിൽ വലിയ ആശ്വാസമാണ് കുന്ദമംഗലം സോൺ എസ്. വൈ. എസ്സിന് കീഴിൽ ഏർപ്പെടുത്തിയ ഭക്ഷണ വിതരണം. കഴിഞ്ഞ വർഷങ്ങളിലെല്ലാം പന്തലൊരുക്കി
വിശാലമായ സൗകര്യങ്ങളോടു കൂടിയാണ് ഭക്ഷണം നൽകിയിരുന്നത്. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ആകാവുന്ന വിധത്തിൽ ഭക്ഷണം ലഭ്യമാക്കി കൊണ്ടിരിക്കുന്നു.
നിലവിൽ ഇരുന്നൂറോളം പേരാണ്
എല്ലാദിവസവും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്. നോമ്പ് തുറക്കും ആവശ്യാനുസരണം അത്താഴത്തിനും ഭക്ഷണം നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം എം.വി.ആറിലെത്തിയ പി.ടി.എ റഹീം എം.എൽ.എ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ തുടങ്ങിയ ജനപ്രതിനിധികൾ എസ്.വൈ.എസ് നടത്തുന്ന ഈ പ്രവർത്തനത്തെ അഭിനന്ദിക്കുകയും എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.