തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎല്‍എ. നിയമപരമായാണ് വോട്ട് കല്‍പറ്റയിലേക്ക് മാറ്റാൻ അപേക്ഷ നല്‍കിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തില്‍ അറിയിച്ചു.ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമം. ആരോപണമുന്നയിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണെന്നും ടി. സിദ്ധിഖ് കൂട്ടിച്ചേർത്തു.
സിദ്ധിഖിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നായിരുന്നു കെ. റഫീഖ് ആരോപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പുറത്തുവിട്ടാണ് റഫീഖ് ആരോപണമുന്നയിച്ചത്.
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതും കള്ളവോട്ട് ചേർക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.