കലാസൃഷ്ടികളെ വെട്ടിമുറിക്കുന്ന സംഘ്പരിവാർ അസഹിഷ്ണുതക്കെതിരെ ജനകീയ പ്രതിരോധം ഉയരണം: ചിന്ത റിയാദ്

റിയാദ്: ബി ജെ പി ഭരണത്തിൽ രാജ്യത്ത് ഭീതി വിതക്കുകയാണെന്നും അതാണ് എമ്പുരാൻ സിനിമ റീ-എഡിറ്റ് ചെയ്യാൻ അതിന്റെ സൃഷ്ടാക്കൾ നിർബന്ധിതരായതെന്നും ചിന്ത സംസാരികവേദി റിയാദിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗുജറാത്ത് വംശഹത്യ രാജ്യത്തിൻറെ ഇരുണ്ട ചരിത്രമാണ്. അത് കലകളിലും സാഹിത്യങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുകയും പുതിയ തലമുറ സത്യം തിരഞ്ഞു കണ്ടെത്തുകയും ചെയ്യും. സംഘ്പരിവാർ എത്ര ശ്രമിച്ചാലും ചരിത്രത്തെ മണ്ണിനടിയിൽ മൂടാനാവില്ല. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ജന ഗണ മന തുടങ്ങിയ മലയാള സിനിമകളോടും പദ്മാവതി, പി കെ, പത്താൻ തുടങ്ങിയ ഹിന്ദി സിനിമകളൊക്കെ സംഘ് പരിവാർ ഫാസിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. നടികളുടെ അടിവസ്ത്രത്തിന്റെ നിറംപോലും പരിഹാസ്യമാം വിധം വിവാദമായിട്ടുണ്ട്. അതേ സമയം നുണകളും കെട്ടുകഥകളുമായി സൃഷ്ടിക്കപ്പെടുന്ന സംഘ് പരിവാർ പ്രോപഗണ്ട സിനിമകൾക്ക് നികുതിയിളവുകൾപോലും നൽകി അവർ പ്രോത്സാഹിപ്പിക്കുകയാണ്. കാശ്മീരി ഫയൽസ്, ദി കേരള സ്റ്റോറി, സബർമതി എക്സ്പ്രസ്, ചാവ്വ തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങൾ. മോഡിയെ വിമർശിച്ചതിന്റെ പേരിൽ മാധ്യമ പ്രവർത്തകരും കാർട്ടൂണിസ്റ്റുകളും ജയിൽ പോകുന്ന ഇക്കാലത്ത് സത്യം വിളിച്ചുപറയുന്ന സിനിമ പ്രവർത്തകരേയും കാത്തിരിക്കുന്നത് ജയിലറകളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇതിനെതിരെ കലാകാരന്മാർ ശബ്ദം ഉയർത്തുകയും ശക്തമായ ജനരോഷം ഉയരുകയും വേണം. ഷൈജു ചെമ്പൂര് വിഷയാവതരണം നടത്തി. നമുക്കിടയിലെ മുന്നമാർക്കെതിരെ ജാഗ്രതയുണ്ടാകണമെന്ന് ഷൈജു ഓർമ്മപ്പെടുത്തി. വിനോദ് കൃഷ്ണ ചർച്ചകൾ നിയന്ത്രിച്ചു. കുമ്മിൾ സുധീർ ടേബിൾ ടോക്ക് ഉദ്‌ഘാടനം ചെയ്തു. സുരേഷ് ശങ്കർ, ഗഫൂർ കൊയിലാണ്ടി, അംജദ് അലി, ഹരികൃഷ്ണൻ, സലിം ആർത്തിയിൽ, ഇസ്മായിൽ കണ്ണൂർ, അമീർ, നാസ്സർ പൂവാർ, അനിൽ മണമ്പൂർ, റാഫി പാങ്ങോട്, ഗോപൻ കൊല്ലം എന്നിവർ സംസാരിച്ചു. പൂക്കോയ തങ്ങൾ സ്വാഗതവും അബ്ദുൽ കലാം നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news