ഒട്ടേറെ പുതുമയോടെ ‘ടേക്ക് എ ബ്രേക്ക് ‘

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും നല്ല ശൗചാലയങ്ങളെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി മാര്‍ച്ചോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും.

ദേശീയ, സംസ്ഥാന പാതയോരം, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെയാണ് അടിസ്ഥാന, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം തല ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്.

അടിസ്ഥാനതല ശൗചാലയങ്ങളില്‍ രണ്ട് ക്ലോസറ്റ്, കണ്ണാടി ഉള്‍പ്പെടെ രണ്ട് സെറ്റ് വാഷ് ബേസിന്‍, സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയര്‍, ഹാന്‍ഡ് വാഷ് എന്നിവയുണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് തലത്തില്‍ നാല് ക്ലോസറ്റ്, രണ്ട് യൂറിനല്‍ യൂണിറ്റ്, സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയര്‍, ഹാന്‍ഡ് വാഷ് എന്നിവയും പ്രീമിയം തലത്തില്‍ രണ്ട് ക്ലോസറ്റ് വീതം സ്ത്രീ, പുരുഷന്‍മാര്‍ക്കും അഞ്ചാമത്തെ ക്ലോസറ്റ് ഭിന്നശേഷിക്കാര്‍ക്കുമായിരിക്കും. രണ്ട് യൂറിനല്‍ ബ്ലോക്കുമുണ്ടാകും. ശിശുക്കളെ ശുശ്രൂഷിക്കുന്നതിനും വസ്ത്രം മാറുന്നതിനുമുള്ള സ്ഥലവും ടിഷ്യു, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് കിയോസ്‌ക് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന തലത്തിന് അഞ്ച് ലക്ഷം, സ്റ്റാന്‍ഡേര്‍ഡിന് എട്ട് ലക്ഷം, പ്രീമിയത്തിന് 20 ലക്ഷം രൂപയുമാണ് നിര്‍മ്മാണച്ചെലവ്.

ഇതിന്റെ അറ്റകുറ്റപ്പണിക്കും ഓപ്പറേഷന്‍ ഫീസിനും തദ്ദേശ സ്ഥാപനങ്ങള്‍ പണം ചെലവഴിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് രണ്ട്, നഗരസഭകളില്‍ അഞ്ച്, കോര്‍പ്പറേഷനുകളില്‍ എട്ട് വീതം ആകെ 1842 എണ്ണമാണ് മാര്‍ച്ചോടെ നിര്‍മ്മിക്കുന്നത്. ഇതില്‍ 357 എണ്ണം പ്രവര്‍ത്തനമാരംഭിച്ചു. കൂടുതല്‍ വരുമാനം കണ്ടെത്താനാണ് പ്രീമീയം കഫറ്റീരിയ ഷോപ്പുകളോടു കൂടിയ കേന്ദ്രവും ആരംഭിച്ചത്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി, മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെട്ടതാണ് ടേക്ക് എ ബ്രേക്ക്‌.

Mediawings:

spot_img

Related Articles

Latest news