‘ഇസ്ലാമിക നിയമം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകും’; താലിബാന്റെ വനിതാ ദിന സന്ദേശം

ഇസ്ലാമിക നിയമം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്ന് താലിബാൻ. രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾക്കുള്ള സന്ദേശമെന്ന നിലയിലാണ് താലിബാൻ്റെ പ്രഖ്യാപനം. സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും താലിബാൻ പറഞ്ഞു.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘രാജ്യാന്തര വനിതാ ദിനത്തിൽ, ഇസ്ലാമിക നിയമം അനുസരിച്ചുള്ള എല്ലാ ഭരണഘടനാ അവകാശങ്ങളും സ്ത്രീകൾക്ക് ലഭിക്കും. അവർക്കത് ഉപയോഗിക്കാം. സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’- സുഹൈൽ ഷഹീൻ കുറിച്ചു.

താലിബാന്റെ പ്രമുഖ നേതാവും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനിയുടെ മുഖം പൂർണമായി വ്യക്തമാക്കുന്ന ചിത്രം കഴിഞ്ഞ ദിവസം താലിബാൻ പരസ്യപ്പെടുത്തിയിരുന്നു. താലിബാൻ വക്താവ് സബിഹുല്ല മുജാഹിദാണ് ദേശീയ പൊലീസിന്റെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കുന്ന ഹഖാനിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.

അദ്ദേഹം സല്യൂട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പൊലീസ് ഓഫീസർക്കൊപ്പം നടന്നുനീങ്ങുന്ന ചിത്രങ്ങളുമാണ് താലിബാൻ നേതൃത്വം പുറത്തുവിട്ടത്. കറുത്ത തലപ്പാവ് ധരിച്ച്, അതിന് മുകളിൽ ഷാൾ പുതച്ച നിലയിലാണ് സിറാജുദ്ദീൻ ഹഖാനി ചടങ്ങിനെത്തിയത്. കഴിഞ്ഞ വർഷം അഫ്ഗാനിൽ താലിബാൻ സർക്കാരിന്റെ ഭാഗമായിട്ടും ഹഖാനിയുടെ ചിത്രങ്ങൾ നേതൃത്വം പങ്കുവച്ചിരുന്നില്ല. യു.എൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഹഖാനിയുടെ പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ എല്ലായിടത്തും പ്രസിദ്ധീകരിച്ചിരുന്നത്.

2008 ൽ കാബൂൾ ഹോട്ടലിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് യു.എസ് ഹഖാനി ശൃംഖലയെ ഭീകര സംഘടനയായും സിറാജുദ്ദീൻ ഹഖാനിയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ അഫ്ഗാനിലെ ഇന്ത്യക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ ഇയാളാണെന്നാണ് വിവരം.

സിറാജുദ്ദീൻ ഹഖാനിക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാൻ പുതിയ നീക്കവുമായെത്തിയതെന്ന വിമർശനമാണ് പൊതു സമൂഹത്തിൽ നിന്ന് ഉയരുന്നത്.

 

spot_img

Related Articles

Latest news