ജിദ്ദ – ടോക്കിയോ ഒളിംപിക്‌സിൽ കരാട്ടെയിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാന താരമായി തിരിച്ചെത്തിയ താരിഖ് ഹാമിദിക്ക് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ ഊഷ്മള സ്വീകരണം. സ്‌പോർസ് മന്ത്രിയും സൗദി അറേബ്യൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരനൊപ്പമാണ് താരിഖ് ഹാമിദിയും മറ്റു സൗദി ഒളിംപിക് താരങ്ങളും മാതൃരാജ്യത്തിന്റെ സ്‌നേഹാദരങ്ങളിലേക്ക് വിമാനമിറങ്ങിയത്. താരിഖ് ഹാമിദിക്ക് ഗംഭീര സ്വീകരണമാണ് ജിദ്ദ എയർപോർട്ടിലെ റോയൽ ടെർമിനലിൽ ഒരുക്കിയിരുന്നത്. തിരുഗേഹങ്ങളുടെ സേവൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനെ പ്രതിനിധീകരിച്ച് ആക്ടിംഗ് ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലവി രാജകുമാരന്റെ നേതൃത്വത്തിൽ സൗദി ഒളിംപിക് സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല രാജകുമാരൻ, ഖാലിദ് ബിൻ സുൽത്താൻ അൽഅബ്ദുല്ല അൽഫൈസൽ രാജകുമാരൻ, ഡോ. മുശ്‌രിഫ് അൽശഹ്‌രി എന്നിവരും സൗദി ഒളിംപിക് കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സ്‌പോർട്‌സ് പ്രേമികളും അടക്കം വൻ ജനാവലി ഇവരെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയിരുന്നു.
ഒളിംപിക്‌സിന്റെ ചരിത്രത്തിൽ രണ്ടാമത്തെ മെഡലാണ് താരിഖ് ഹാമിദിയിലൂടെ സൗദി അറേബ്യ നേടിയത്.
സ്വർണ മെഡൽ നേടുക എന്നതായിരുന്നു തന്റെ സ്വപ്‌നമെന്ന് ജിദ്ദയിൽ എത്തിയ ഉടൻ താരിഖ് ഹാമിദി പറഞ്ഞു. തുർക്കി റഫറിയുടെ വിധിയെ താൻ മാനിക്കുന്നതായും താരിഖ് ഹാമിദി പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സിൽ താരിഖ് ഹാമിദിയിലൂടെയാണ് സൗദി അറേബ്യ ഏക മെഡൽ നേടിയത്. താരിഖ് ഹാമിദിക്ക് 50 ലക്ഷം റിയാൽ സമ്മാനിക്കുമെന്ന് സൗദി സ്‌പോർട്‌സ് മന്ത്രിയും സൗദി അറേബ്യൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ അറിയിച്ചിട്ടുണ്ട്. ഒളിംപിക്‌സിൽ സ്വർണ മെഡൽ നേടുന്നവർക്ക് പ്രഖ്യാപിച്ച സമ്മാനത്തുകയാണ് വെള്ളി മെഡൽ നേടിയ താരിഖ് ഹാമിദിക്ക് മന്ത്രി പ്രഖ്യാപിച്ചത്.
75 കിലോ വിഭാഗത്തിലെ കരാട്ടെയിലാണ് താരിഖ് ഹാമിദി വെള്ളി മെഡൽ നേടിയത്. ഇറാൻ താരം സജാദ് ഗൻജ്‌സാദയാണ് സ്വർണം നേടിയത്. മത്സരത്തിൽ ഒന്നിനെതിരെ നാലു പോയന്റുകൾക്കു മുന്നിട്ടു നിന്നിട്ടും താരിഖ് ഹാമിദിയെ ഒഴിവാക്കി ഇറാൻ താരത്തെ വിജയിയായി തുർക്കി റഫറി തീരുമാനിക്കുകയായിരുന്നു. താരിഖിന്റെ ശക്തമായ കിക്കേറ്റ് മത്സരം പൂർത്തിയാക്കാൻ ഇറാൻ താരത്തിന് സാധിച്ചില്ല. പരിക്കു മൂലം ഇയാളെ റിംഗിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അക്രമാസക്ത കളിയുടെ കാരണം പറഞ്ഞ് റഫറിമാർ സൗദി താരത്തിന് വാണിംഗ് നൽകുകയും മത്സരത്തിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇതോടെയാണ് താരിഖ് ഹാമിദി രണ്ടാം സ്ഥാനത്തായത്.