ന്യൂ ഡൽഹി: രാജിവച്ച കോണ്‍ഗ്രസ് നേതാവ് കെ. പി. അനിൽ കുമാറിനെ അറിയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അദ്ദേഹവുമായി തനിക്ക് പരിചയമില്ല. രാജിക്കുള്ള കാരണങ്ങൾ കെപിസിസി നേതൃത്വത്തോട് ചോദച്ച ശേഷം പ്രതികരിക്കാമെന്നും താരിഖ് അൻവർ വ്യക്തമാക്കി.
ദേശീയ നേതൃത്വത്തിനെതിരേ കൂടി വിമർശനം ഉന്നയിച്ചാണ് അനിൽകുമാർ കോണ്‍ഗ്രസിന്റെ പിടിയിറങ്ങിയത്. നരേന്ദ്ര മോദിയുടെ ദുർഭരണത്തിനെതിരേ ഒന്നും ചെയ്യാൻ കഴിയാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്നും ജനങ്ങളെ ബാധിക്കുന്ന ഇന്ധന - പാചകവാതക വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഒരു സമരം പോലും നടത്താനായില്ലെന്നും അനിൽകുമാർ തുറന്നടിച്ചിരുന്നു.