എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം: തിരിച്ചുവാങ്ങിയത് 18,000 കോടിക്ക്..
ന്യൂഡൽഹി: എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്പൈസ് ജെറ്റായിരുന്നു ലേലത്തിൽ ടാറ്റയുടെ പ്രധാന എതിരാളി. എയർ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സർവീസായ എയർ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാൻഡലിങ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്സും ഇനി ടാറ്റ സൺസിന് സ്വന്തമായിരിക്കും.
2020 ഡിസംബറിലാണ് നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാലു കമ്പികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സൺസും സ്പൈസ് ജെറ്റും മാത്രമായിരുന്നു. ലേലത്തിൽ ടാറ്റ വിജയിച്ചുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും കേന്ദ്രസർക്കാർ ആ വിവരം നിഷേധിക്കുകയാണുണ്ടായത്.
ജെആർഡി തുടക്കത്തിൽ ടാറ്റ എയർ സർവീസസ് എന്നും പിന്നീട് ടാറ്റ എയർലൈൻസ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സർവീസ് 1953ലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്.
2007 ൽ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിപ്പിച്ചു. ഇതുവരൊയി എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിക്കുന്നത് 2017ലായിരുന്നു.