കേരളതീരം വിട്ടെങ്കിലും നാളെ വരെ കനത്ത മഴ
അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മേയ് 17 വൈകുന്നേരം ഗുജറാത്ത് തീരത്ത് എത്തി 18 ന് അതി രാവിലെ മണിക്കൂറിൽ പരമാവധി 175 കിമീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കിമീവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടായി. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുദിവസങ്ങളിൽ കേരളത്തിൽ ശരാശരി 145.5 മില്ലിമീറ്റർ മഴ കിട്ടി. കൊച്ചി, പീരുമേട് സ്റ്റേഷനുകളിൽ 200 മില്ലിമീറ്ററിന് മുകളിലാണ് 24 മണിക്കൂറിൽ പെയ്തത്.
മണിമലയാറിലും അച്ചൻകോവിലാറിലും പ്രളയഭീതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വലിയ അണക്കെട്ടുകളിൽ വലിയ അളവിൽ വെള്ളം ശേഖരിച്ചിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.