ന്യൂഡല്‍ഹി: ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കും. ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജിലുണ്ടായിരുന്ന 22 പേരുടെ മൃതദേഹം കണ്ടെത്തി. 63 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 188 പേരെ രക്ഷിച്ചെന്ന് നേവി അറിയിച്ചു. അപകടത്തില്‍ പെട്ട 29 മലയാളികളില്‍ 16 പേരും സുരക്ഷിതരാണ്. പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തി.
ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയും മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂനമര്‍ദംം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26-ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്ചിമ ബംഗാള്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യത.
ഒമാന്‍ നിര്‍ദേശിച്ച ‘യാസ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.