കോവിഡ് വ്യാപനത്തെ തുടർന്ന് ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ നികുതി സംസ്ഥാന സർക്കാർ ഒഴിവാക്കി. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള റോഡ് നികുതിയാണ് ഒഴിവാക്കിയത്.
സ്കൂൾ വാഹനങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരുമെന്ന് ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. നവംബർ ഒന്നുമുതൽ കേരളത്തിലെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് ഭാഗമായാണ് നികുതി ഒഴിവാക്കാൻ നടപടി.
വാഹനങ്ങളുടെ നികുതി ഒഴിവാക്കിയ വിവരം മന്ത്രി ആന്റണി രാജു തന്നെയാണ് അറിയിച്ചത്. കോൺട്രാക്ട് -സ്റ്റേറ്റ് ക്യാരേജ് നികുതി ഡിസംബർ 31 വരെ അടയ്ക്കാൻ സമയം നൽകിയിട്ടുണ്ട്.