ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുതൽ ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. വകയിരുപ്പിൽ 10 മുതൽ 15 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഒഷധ നിർമാണ മേഖലയിൽ കൂടുതൽ സ്റ്റാർട്ട് അപ്പുകൾ, മരുന്ന് ഗവേഷണത്തിന് കൂടുതൽ പ്രോത്സാഹനം എന്ന സാധ്യതയും മുന്നിൽ കാണുന്നുണ്ട്.
ആരോഗ്യ ഇൻഷുറൻസിന്റെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ 18 ശതമാനമാണ് ആരോഗ്യ ഇൻഷുറൻസ്. ആധായ നികുതി വകുപ്പിലെ 80 ഡി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷമാക്കിയേക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.
കൊവിഡ് ബാധിതർക്കും കുടുംബാംഗങ്ങൾക്കും നികുതി ഇളവുകൾ ഉണ്ടായേക്കും. ഇതിന് പുറമെ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും.
കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഉറ്റുനോക്കുകയാണ് രാജ്യം. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുമെന്നാണ് പുറത്ത് വരുന്ന സൂചന. നിലവിൽ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിന് മാത്രമേ പരിരക്ഷയുള്ളൂ.
എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിലൂടെ കൂടുതൽ നിക്ഷേപം സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. സഹകരണ ബാങ്കുകളിലും ഇൻഷുറൻസ് നിർബന്ധമാക്കും. നിക്ഷേപങ്ങളുടെ ഇൻഷുറൻസ് ഒരുലക്ഷം രൂപയിൽ നിന്ന് അടുത്തിടെ അഞ്ചുലക്ഷമാക്കി ഉയർത്തിയിരുന്നു.
ആദായ നികുതി പരിധി വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആദായ നികുതി പരിധി വർധിപ്പിക്കുന്നതടക്കം മധ്യവർഗത്തെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അൻപതിനായിരം രൂപ വരെയെങ്കിലും ഉയർത്തിയേക്കും.
രാജ്യം കൊവിഡ് പിടിയിൽ അമർന്നതോടെ കൂടുതൽ മേഖലകൾ പരമാവധി വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ വർക്ക് അറ്റ് ഹോം അലവൻസും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്റർനെറ്റ് , വൈദ്യുതി ചാർജ് തുടങ്ങിയവക്ക് നികുതി ഇളവ് നൽകുന്നതാണ് വർക്ക് അറ്റ് ഹോം അലവൻസ്.
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാടുണ്ടായാൽ കേരളം അടക്കം സംസ്ഥാനങ്ങൾക്ക് ഗുണകരമാകും.