കണ്ണൂര്‍ : തലശേരി നഗരസഭയുടെ വി. ആര്‍. കൃഷ്ണയ്യര്‍ സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയായി. 400 മീറ്ററുള്ള എട്ടുവരി ട്രാക്ക്, ഗാലറി, പവിലിയന്‍, കായിക ക്ഷമതാ പരിശീലന ഹാള്‍, വസ്ത്രം മാറുന്നതിനായുള്ള ഗ്രീന്‍ റൂം, വാണിജ്യാവശ്യത്തിനുള്ള കെട്ടിട സമുച്ചയം, ശൗചാലയം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.
അവസാന മിനുക്ക് പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. കിഫ്ബിയില്‍ നിന്നു 13 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന സ്റ്റേഡിയമാകുന്നതോടെ കായിക താരങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്.
ഷോട്ട്പുട്ട്, ജാവലിയന്‍ ത്രോ എന്നീ കായിക ഇനങ്ങള്‍ക്കും സ്‌റ്റേഡിയത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം ഇല്ലാതായാല്‍ കായിക താരങ്ങള്‍ക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം. രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടന ചടങ്ങും ഉടന്‍ ഉണ്ടാകും.
ആദ്യഘട്ട നവീകരണത്തിന്റെ ഭാഗമായി മൈതാനത്ത് പുല്ലുള്‍പ്പെടെ വച്ച് പിടിച്ചിരുന്നു. മതിയായ പരിപാലനം നല്‍കാത്തതിനാല്‍ ഉണങ്ങി പോകുകയായിരുന്നു.ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മാണം ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നു. കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയം നിലവില്‍ വരുന്നതിനു മുന്‍പ് രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉള്‍പ്പെടെ ഈ മൈതാനത്തില്‍ വച്ച് നടന്നിരുന്നു.