ബാങ്കുകളിലും ഇരുമ്പ്പെട്ടികളിലും അടക്കം സൂക്ഷിച്ച പണം ചിതലരിച്ചതായ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പലപ്പോഴായി പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തില്‍ ചെറുതും വലുതുമായ തുകകള്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നും പുറത്തുവരുന്നത്.
ചെറുകിട വ്യവസായിയായ ബിജ്ലി ജമലയ്യ എന്നയാളാണ് തന്റെ സമ്പാദ്യം ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ച് ഇത്തവണ പണിവാങ്ങിച്ചിരിക്കുന്നത്. ജമലയ്യയുടെ അഞ്ചു ലക്ഷം രൂപയാണ് ചിതലരിച്ചു പോയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടി തുറന്നു നോക്കിയ സമയത്താണ് പണം പൂര്‍ണമായും ചിതലരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും നോട്ടുകളില്‍ വലിയ ദ്വാരങ്ങളാണ് ആദ്ദഹത്തിന് കാണാനായത്.
പന്നി വില്‍പ്പനക്കാരനായ ജമലയ്യ വീടുവയ്ക്കാനായി കരുവെച്ചതായിരുന്നു ഈ തുക.ചിതലരിച്ച് ഉപയോഗശൂന്യമായ പണം അദ്ദേഹം പ്രദേശത്തെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്തു. കുട്ടികള്‍ ഇത്രയും വലിയ തുകയുമായി കറങ്ങുന്നത് പലരും കണ്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയും അവര്‍ പണത്തിന്റെ ഉറവിടം കണ്ടെത്തുകയുമായിരുന്നു.
പണം ചിതലരിക്കുന്ന സംഭവം ആദ്യമായിട്ടല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011 ല്‍ ഉത്തര്‍ പ്രദേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചില്‍ പണം ചിതലരിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഏകദേശം പത്തു ലക്ഷത്തോളം രൂപം ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.
ഈയടുത്ത് ഗുജറാത്തിലെ ഒരു സ്വകാര്യ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം ചിതലരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2.2 ലക്ഷത്തോളം രൂപയായിരുന്നു വഡോദരയില്‍ നാശ നഷ്ടം സംഭവിച്ചത്. സംഭവം വിവാദമായതോടെ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഉപഭോക്താക്കളുടെ പണം തങ്ങളുടെ പക്കല്‍ സുരക്ഷിതമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്ക് അറിയിച്ചിരുന്നു. സമാനമായ സംഭവം ബീഹാറില്‍ നിന്നും 2008 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
മീഡിയ വിങ്സ്