ടെഹ്റാന്: ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര് മരിച്ചു.
നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് മോട്ടോര്‍സൈക്കിളുകളിലായി എത്തിയ ആയുധ ധാരികള്‍ ഇസെഹ് നഗരത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തി പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 26ന് ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെ ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 13 പേരാണ് മരിച്ചത്. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൊടുമ്ബിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ച് ഭീകരാക്രമണങ്ങളും അരങ്ങേറുന്നത്.
ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളില്‍ രണ്ടുമാസത്തിനുള്ളില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇപ്പോഴും പലയിടങ്ങളിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. ഒപ്പം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള അധികൃതരുടെ നടപടികളും. എന്നാല്‍ പ്രക്ഷോഭകര്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്.