മലപ്പുറം : താനൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 95 ശതമാനവും പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന് സിറ്റിങ് എംഎൽഎയും സ്ഥാനാർഥിയുമായ വി അബ്ദുറഹിമാൻ. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ താനൂർ താലൂക്ക് ആയി ഉയർത്തുമെന്നും താനൂരിലെ സമഗ്രവികസനം യാഥാർഥ്യമാക്കുമെന്നും വി അബ്ദുറഹിമാൻ താനൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
362 പ്രധാന പദ്ധതികളുടെ ഒന്നാം ഘട്ടം പൂർത്തിയായി ഉദ്ഘാടനം ചെയ്തു. ആയിരം കോടിയിൽ 500 കോടിയുടെ പദ്ധതികളും പൂർത്തിയായി. 60 വർഷമായി ഏകീകൃത കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ കഴിയാത്തവരാണ് ഇന്ന് അപവാദ പ്രചരണങ്ങളുമായി മുന്നോട്ടുവന്നിട്ടുള്ളത്. സമഗ്ര കുടിവെള്ള പദ്ധതിയിൽ ഒഴൂർ പഞ്ചായത്തിനെ കൂടി ചേർക്കും. വികസനം സ്വപ്നം കണ്ടിരുന്ന പഴയതലമുറ കാത്തിരുന്ന വികസന പ്രവർത്തനങ്ങളാണ് താനൂരിൽ നടപ്പിലാക്കിയത്. താനൂരിന് പുതിയ മുഖം ലഭിച്ചതായും വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ ഇരുട്ടിൽ തപ്പാതെ കണ്ണുതുറന്നു നോക്കണമെന്നും വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.
നാട്ടുകാരൻ എന്ന നിലയിൽ തനിക്ക് നൽകിയ അംഗീകാരത്തിലൂടെ ഈ നാട്ടിൽ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. അതിഥികളെ മര്യാദയോടെ സ്വീകരിക്കുന്നവരാണ് താനൂരുകാർ. എന്നാൽ വീട്ടുകാരനെ പുറത്താക്കി അതിഥിയെ സ്വീകരിച്ചിരുത്തുന്ന പതിവില്ലെന്നും വി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു. ഇത്തവണയും താനൂരിൽ എൽഡിഎഫ് തുടരുമെന്നും വി അബ്ദുറഹിമാൻ പ്രത്യാശിച്ചു.