താമരശ്ശേരി : വിശുദ്ധ റമദാനിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ പന്ത്രണ്ട് വർഷമായി താമരശ്ശേരി സി.എച്ച് സെന്റർ നൽകി വരുന്ന നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള വിപുലമായ സൗകര്യം ഇത്തവണയുമുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടിലും മറുനാട്ടിലുമുള്ള സുമനസ്സുകളിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് നടത്തികൊണ്ടിരിക്കുന്ന ഈ ഉദ്യമം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മാറിയിരിക്കുയാണ്. ഇവ കൂടാതെ നിർധന രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം, ക്യാൻസർ രോഗികൾക്ക് ഭക്ഷണം നൽകൽ, മാനസിക രോഗികൾക്കായി മാസാന്തം താലൂക്ക് ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിലേക്ക് ലഘു ഭക്ഷണം, ആംബുലൻസ് സേവനം, ആശുപത്രിയിൽ സി.എച്ച് സെന്റർ വളണ്ടിയർമാരുടെ സേവനം, തുടങ്ങി ആതുര സേവന രംഗത്ത് സ്തുത്യർഹമായ ഇടപെടലാണ് സി.എച്ച് സെന്റർ പ്രവർത്തകർ നടത്തി വരുന്നത്. വിടപറഞ്ഞ് പോയ സി.മോയിൻ കുട്ടിയും കെ.സി. മാമു മാസ്റ്ററും നടത്തിയ വിശ്രമരഹിതമായ അത്യധ്വാനം സി.എച്ച് സെന്ററിന്റെ പ്രവർത്തന വീഥിയിൽ വലിയ നാഴികക്കല്ലായി ഇന്നും സ്മരിക്കപ്പെടുന്നു. ഈ വർഷം ഒരു ദിവസത്തേക്ക് ഏഴായിരത്തി അഞ്ഞൂറ് രൂപ ഇഫ്താറിനും രണ്ടായിരത്തി അഞ്ഞൂറ് രൂപ അത്താഴത്തിനും ചിലവ് വരുമെന്നും ഇത് പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന സംഭാവന കൊണ്ട് മാത്രം നടത്തി പോരുന്നതിനാൽ സുമനസ്സുകളായ എല്ലാ ജനവിഭാഗങ്ങളും കഴിയുന്ന മുഴുവൻ സഹായ സഹകരണങ്ങളും ചെയ്യണമെന്നും സി.എച്ച്. സെന്റർ പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്ററും ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ്മാനും അഭ്യർത്ഥിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ഈ വർഷത്തെ ഇഫ്താർ ഭക്ഷണ വിതരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു. കെ.എം.അഷ്റഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ്മാൻ സ്വാഗതവും എൻ.പി. റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
പി.എസ് മുഹമ്മദലി, ആർ.കെ.മൊയ്തീൻകോയ ഹാജി, പി.ടി ബാപ്പു, എ.കെ അബ്ബാസ്, സമദ് ഹാജി കോരങ്ങാട്, എം സുൽഫീക്കർ, അസീസ് കുടുക്കിൽ, എ.കെ കൗസർ, ശംസീർ എടവലം, കെ.ടി അബൂബക്കർ, കെ.സി ബശീർ, മജീദ് അരീക്കൽ, എ.അബ്ദുൽ കാദർ, സുബൈർ വെഴുപ്പൂർ, ഇഖ്ബാൽ പൂക്കോട് തുടങ്ങിയവർ സംബന്ധിച്ചു.