റിയാദ്: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും തനിമയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന എന്‍ജിനീയര്‍ മുത്തലിബിന്റെ നിര്യാണത്തില്‍ തനിമ സാംസ്കാരിക വേദി സെന്‍ട്രല്‍ പ്രോവിന്‍സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എഴുപതുകളുടെ അവസാനം റിയാദിലെ സ്വകാര്യ കമ്പനിയില്‍ എക്സിക്യൂട്ടിവ് എൻജിനീയറായി എത്തുകയും പിന്നീട് ടെക്സ്റ്റൈല്‍ ബിസിനസിലൂടെ വ്യാപാര സാമൂഹിക രംഗത്ത് അറിയപ്പെടുകയും ചെയ്ത വ്യക്തിത്വമായിരുന്നു എന്‍ജിനീയര്‍ മുത്തലിബ്.
അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു നാട്ടില്‍ മരണമടയുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഭാര്യ സുഹ്റ നിര്യാതയായത്. നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു രണ്ടു വര്‍ഷം മുമ്പാണ് സൗദിയില്‍ നിന്നും മടങ്ങിയത്.
തനിമ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദില്‍ തുടക്കം കുറിച്ചവരില്‍ ഒരാളായിരിന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ സംഘാടനത്തിലും സാമൂഹിക-സാംസ്കാരിക വളര്‍ച്ചയിലും വലിയ പങ്കുവഹിച്ച വ്യക്തിത്വത്തിന്റെ ഉടമയും മാതൃകായോഗ്യനായ സംരംഭകനുമായിരുന്നു. സ്റ്റാര്‍ ടെക്സ്, സഫയര്‍ വൂള്‍, എലിഗന്റ്സ് ടെക്സ്റ്റൈല്‍ തുടങ്ങി റിയാദ് ബത്ഹയിലെ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വരുകയായിരുന്നു.
തനിമയുടെ പഴയകാല പ്രവര്‍ത്തകരും കുടുംബവൃത്തത്തിലുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഓണ്‍ലൈന്‍ പരിപാടിയില്‍ നാട്ടില്‍ നിന്നും റിയാദിന് അകത്തും പുറത്തും നിന്നുമായി നിരവധി പേര് സംബന്ധിച്ചു. തനിമ സാംസ്കാരിക വേദി സൗദി പ്രസിഡന്റ് കെ.എം. ബഷീര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെന്‍ട്രല്‍ പ്രോവിന്‍സ് പ്രസിഡന്റ് താജുദ്ദീന് ഓമശ്ശേരി അധ്യക്ഷത വഹിച്ചു.
ആത്മസമര്‍പ്പണവും പ്രതിബദ്ധതയുള്ള പ്രവര്ത്തകന്, സാമൂഹിക സംരംഭങ്ങള്‍ക്കും സഹജീവികള്‍ക്കും തണല്‍ വിരിച്ചു നല്കിയ മനുഷ്യസ്നേഹി, സ്വയം സംസ്കരിക്കുന്നതിലും കുടുംബത്തെ നയിക്കുന്നതിലും മുന്നില്‍ നടന്ന വ്യക്തിത്വം എന്നീ നിലകളില്‍ അദ്ദേഹം മാതൃകാ യോഗ്യനാണെന്ന് ഇരുവരും അനുസ്മരിച്ചു.
തനിമ സാംസ്കാരിക വേദി റിയാദ് മുന്‍ പ്രസിഡന്റുമാരായ സഈദ് ഉമര്‍, ഇ.കെ ഈസ, അസ്ഹര്‍ പുള്ളിയില്‍, സലീം മാഹി, സിദ്ദീഖ് ബിന്‍ ജമാല്‍, സലീം മൂസ, ജബ്ബാര്‍, അഷ്റഫ് കൊടിഞ്ഞി, റിയാസ് ദുബൈ, ഹമീദ് ഇച്ച ഖോബര്‍ എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു.