റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയായ ‘തറവാട്’ ജനുവരി 20, 21 തീയതികളിലായി, എക്സിറ്റ് 17ലുള്ള IBC യിൽ വെച്ച് JP കപ്പ് മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു.
കഴിഞ്ഞ 15 വർഷമായി റിയാദിൻ്റെ പൊതു സമൂഹത്തിൽ കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ കുടുംബ കൂട്ടായ്മയാണ് തറവാട്. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 50 കുടുംബങ്ങളുടെ തറവാട് എല്ലാ വർഷവും നടത്തുന്ന കലാ മാമാങ്കമായ സർഗ്ഗനിശ റിയാദിലേയും നാട്ടിലേയും കലാസാംസ്കാരിക പ്രവർത്തകരുടെ സമുജ്വല സമ്മേളനമാണ്. ഇതര ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം 2021-2022 ൽ തറവാട് അരംഭിച്ച ഭവന പദ്ധതിയാണ് “ഒരു വീട് ” . നിരാലംബരായ ആൾക്കാർക്ക്, തറവാട്ടിലെ ഇപ്പോഴത്തെയും നാട്ടിൽ പോയതുമായ അംഗങ്ങൾ ചേർന്ന് വീടുവച്ചു നൽകുന്ന കാരുണ്യ പ്രവൃത്തിയാണ് “ഒരു വീട്. ”
കലാ കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വളരെ അധികം അംഗങ്ങളുള്ള തറവാട്ടിൽ എല്ലാ വർഷവും നടത്തുന്ന കലാകായിക മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായിരുന്ന JP എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ ജയപ്രകാശ് കോവിഡ് മഹാമാരിയിൽ മരണപെടുകയുണ്ടായി. തറവാടിന് ജയപ്രകാശ് നൽകിയ മഹത്തായ സംഭാവനയെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിൽ ഒരു മെഗാ ഷട്ടിൽ ബാഡ്മിൻ്റ്ൻ ടൂർണ്ണമെൻ്റ് നടത്താൻ തീരുമാനിക്കുകയുo അതിന് ‘JP Cup ‘ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
സംഘടനെയെക്കുറിച്ചും അതിന്റെ നിലവിലെ ഭരണസാരഥികളെക്കുറിച്ചും കാര്യദർശി ത്യാഗരാജൻ S കരുനാഗപ്പള്ളിയും, റിയാദ് കണ്ട ഏറ്റവും മികവാർന്ന ഒരു മെഗാ ബാഡ്മിന്റൺ ടൂർണമെന്റാണ് തറവാട് നടത്താൻ ആഗ്രഹിക്കുന്നതെന്നും ടൂർണമെന്റ് ഡയറക്ടർ തറവാടിന്റെ മുൻ-കാരണവരും റിയാദിലെ അറിയപ്പെടുന്ന ഷട്ടിൽ ബാഡ്മിൻ്റ് കളിക്കാരനുമായ ജോസഫ് D. കൈലാത്ത് ആയിരിക്കുമെന്നും, വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ,ട്രോഫിയും സമ്മാനങ്ങളും നൽകുമെന്നും നിലവിലെ കാരണവർ ബിനു എം. ശങ്കരൻ, മാവേലിക്കര പ്രസ്താവിച്ചു. തുടർന്ന് കാരണവർ ടൂർണമെന്റ് ലോഗോയും ഫ്ളയറും അനാച്ഛാദനം ചെയ്തു.
പുരുഷ ഡബിൾസ് – പ്രീമിയർ , ചാമ്പ്യൻഷിപ്പ്, 1 – 6 ഫ്ലൈറ്റുകൾ, മാസ്റ്റേഴ്സ്, വെറ്റരൺസ് , സ്ത്രീകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്, കുട്ടികളുടെ സിംഗിൾസും ഡബിൾസും ( under 11, 13, 15, 17, 19 ) ഉൾപ്പെടെ 33 കാറ്റഗറിയിൽ ജനുവരി 20 ന് വ്യാഴാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിപ്പിക്കത്തക്ക രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് എന്ന് ടൂർണമെന്റ് ഡയറക്ടർ ശ്രീ ജോസഫ് കൈലാത്ത് മാധ്യമങ്ങളെ അറിയിച്ചു.
ടൂർണമെന്റ് ഡയറക്ടർ ജോസഫ് D. കൈലാത്ത്, ടൂർണമെൻ്റെ കമ്മറ്റി മെമ്പർ സുരേഷ് ശങ്കർ, ബിനു എം. ശങ്കരൻ, മാവേലിക്കര – കാരണവർ , ത്യാഗരാജൻ S. കരുനാഗപ്പള്ളി – കാര്യദർശി , നന്ദു കൊട്ടാരത്തു, തൃശ്ശൂർ – ഖജാൻജി , ബാബു പൊറ്റക്കാട്, തൃശ്ശൂർ – കലാകായികാദർശി , മുഹമ്മദ് റഷീദ്, മലപ്പുറം – പൊതു സമ്പർക്കദർശി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.