ദുബൈ: ആശങ്കകള്‍ക്കൊടുവില്‍ വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്ന തീരുമാനം ദേശീയ അടിയന്തിര ദുരന്ത നിവാരണ വകുപ്പ് പ്രഖ്യാപിച്ചു. ഇത്തവണത്തെ റമദാനില്‍ പള്ളികളില്‍ വെച്ച് തറാവീഹ് നിസ്കാരത്തിന് അനുമതി നല്കി. കോവിഡ് പൂര്‍ണമായും കവര്‍ന്ന കഴിഞ്ഞ റമദാനില്‍ പള്ളികള്‍ മുഴുവന്‍ അടച്ചിട്ടതോടെ തറാവീഹിനും വിലക്കേര്‍പെടുത്തിയിരുന്നു.
ഇത്തവണ തറാവീഹ് പള്ളികളില്‍ നിസ്കരിക്കാന്‍ കഴിയുമോ എന്ന സന്ദേഹങ്ങള്‍ക്കിടെയാണ് ആശ്വാസം പകരുന്ന തീരുമാനം വന്നിരിക്കുന്നത്. എന്നാല്‍ 30 മിനിറ്റിനകം ഇശാ നിസ്കാരവും,തറാവീഹ് നിസ്കാരവും പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
റമദാന് കാലത്തും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് പ്രത്യേകം നിര്‍ദേശിച്ചു.