കുവൈത്ത് തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളില്‍ 12 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. നെടുമങ്ങാട് അരുണ്‍ ബാബു, ശൂരനാട് ഷമീർ, വാഴമുട്ടം മുരളീധരൻ നായർ, ഇടവ ശ്രീജേഷ് തങ്കപ്പൻ, പെരിനാട് സുമേഷ് എസ്.പിള്ള, ചാവക്കാട് ബിനോയ് തോമസ്, തിരൂർ നൂഹ്, പുലാമന്തോള്‍ ബാഹുലേയൻ, കണ്ണൂർ വയക്കര നിതിൻ, തലശ്ശേരി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്ക്കരിച്ചത്.മലപ്പുറം സ്വദേശികളായ നൂഹിനും, ബാഹുലേയനും ജന്മനാട് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി നല്‍കി. ബാഹുലേയന്റെ മൃതദേഹം വൈകുന്നേരം മൂന്നരയോടെയാണ് വീട്ടില്‍ എത്തിച്ചത്. പൊതു രംഗത്തും , കല രംഗത്തും സജീവമായിരുന്ന ബാഹുലേയന് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞിക്കുട്ടി , എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ , നജീബ് കാന്തപുരം എം.എല്‍.എ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. ഷൊർണ്ണൂർ ശാന്തിതീരത്താണ് ബാഹുലയേന്റെ സംസ്‌കാരം നടന്നത്.
തിരൂർ കൂട്ടായി സ്വദേശി നൂഹിന്റെ മൃതദേഹം മൂന്നരയോടെ വീട്ടില്‍ എത്തിച്ചു. പൊതു ദർശനം ഒഴിവാക്കി വീട്ടിലുള്ളവർക്ക് മാത്രമാണ് നൂഹിന്റെ മൃതദേഹം കാണിച്ചത് . സാദിഖലി തങ്ങള്‍ , അബ്ദു സമദ് സമദാനി തുടങ്ങി നിരവധി പ്രമുഖരും നൂഹിന്റെ വീട്ടിലെത്തി.കൂട്ടായി റാത്തീബ് ജുമാമസ്ജിദിലാണ് നൂഹിന്റെ മൃതദേഹം ഖബറടക്കിയത് . തൃശ്ശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ വീട്ടിലായിരുന്നു പൊതുദർശനം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. ബിനോയുടെ മരണ വാർത്തയറിഞ്ഞ് നിരവധി പേർ വീട്ടിലെത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉള്‍പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. കുന്ദംകുളം വി നാഗല്‍ ഗാർഡൻ സെമിത്തേരിയിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്
തിരുവനന്തപുരം കുരിയാത്തി സ്വദേശി അരുണ്‍ ബാബുവിന് അച്ഛനും സഹോദരിയും അന്ത്യവിശ്രമം കൊള്ളുന്നതിന്റെ അടുത്താണ് ചിത ഒരുക്കിയത്. കെടാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തിച്ച ഇടവ സ്വദേശി ശ്രീജേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇടവയിലെ വീട്ടിലായിരുന്നു. മോർച്ചറിയിയിലേക്ക് മാറ്റിയ പുനലൂർ നരിക്കല്‍ സ്വദേശി സാജൻ ജോർജിന്റെയും ആദിച്ചനല്ലൂർ സ്വദേശി ലൂക്കോസിന്റെയും മൃതദേഹങ്ങള്‍ നാളെ അടക്കം ചെയ്യും. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ച ഒൻപതാം മൈല്‍ IPC ചർച്ച് സെമിത്തേരിയില്‍ നടക്കും. വീട്ടിലും പാമ്പാടി MGM ഓഡിറ്റോറിയത്തിലും പൊതു ദർശനം ക്രമീകരിച്ചിട്ടുണ്ട്. പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്‌കാര ശുശ്രുഷകള്‍ ഞായറാഴ്ച 4 മണിക്ക് പായിപ്പാട് സെന്റ് ജോർജ് മലങ്കര പള്ളി സെമിത്തേരിയില്‍ നടക്കും . ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം ഞായറാഴ്ച 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് മാറ്റി.
മരിച്ച ജീവനക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ തുക ഇന്നുതന്നെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് കുവൈത്തിലെ എൻബിടിസി കമ്പനി അറിയിച്ചിരിക്കുന്നത്. . ഇതു കൂടാതെ 8 ലക്ഷം രൂപ സാമ്പത്തിക സഹായം കമ്പനിയുടെ പ്രതിനിധികള്‍ ഉടൻതന്നെ നേരിട്ട് വീട്ടിലെത്തി നല്‍കും. നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് എല്ലാ രീതിയിലും ഉള്ള സംരക്ഷണവും തങ്ങള്‍ നല്‍കുമെന്നും, കമ്പനി സ്റ്റാൻഡേർഡുകള്‍ക്കും അതിനപ്പുറവും ഉള്ള സഹായങ്ങള്‍ ഇവരിലേക്ക് എത്തിക്കുമെന്നും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ബെൻസണ്‍ എബ്രഹാം ഷിബി എബ്രഹാം എന്നിവർ പറഞ്ഞു.മൻഖഫിലെ കെട്ടിടത്തില്‍ സെക്യൂരിറ്റി റൂമില്‍ നിന്നാണ് തീ പടർന്നു പിടിച്ചതെന്നാണ് വിവരം. പുക ശ്വസിച്ചത് കൊണ്ടാണ് കൂടുതല്‍ ആളുകളും മരിക്കാനിടയായത്. സെൻട്രലൈസ്ഡ് എസി ആയതിനാല്‍ തീ പടരാൻ കാരണമായി. അപകടമുണ്ടായ ഉടൻ തന്നെ എല്ലാ ഏകോപനവും കമ്പനി നടത്തിയിട്ടുണ്ടെന്നും മറ്റ് തൊഴിലാളികളെ ലേബർ ക്യാമ്പുകളില്‍ അടക്കം മാറ്റിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.