റിയാദ് : ആഗസ്ത് 2ന് ഹൃദയാഘാതം മൂലം റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ വച്ച് അന്തരിച്ച കോവിഡ് ബാധിതനായ കണ്ണൂർ മളന്നൂർ നിർമലഗിരി സ്വദേശി ലക്ഷ്മണൻ ചെറുവാലത്തിന്റെ (62) മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. മാധവി ചെറു വാലത്ത് അമ്മയും, ശ്യാമള ലക്ഷ്മണൻ ഭാര്യയും, ശൈലേഷ് ലക്ഷ്മണൻ, ശ്യാമിലി ലക്ഷ്മണൻ എന്നിവർ മക്കളുമാണ്. കഴിഞ്ഞ ഇരുപത്തി രണ്ടര വർഷത്തോളമായി അൽ ഒതൈയിം മാർക്കറ്റിൽ റിറ്റൈൽ ട്രേഡ് സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗവാർത്ത സുഹൃത്തക്കളുടെയും, ബന്ധുക്കളുടെയും ഇടയിൽ ഞെട്ടലുളവാക്കി.
സൗദിഅറേബ്യയിൽ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ആദ്യത്തെ കോവിഡ് ബാധിത മൃതദേഹം ഇദ്ദേഹത്തിന്റെതാണ്. കോവിഡ് ബാധിതനായതിനാലും, ഇതു വരെ ഇത്തരത്തിൽ മരിച്ചവരെ നാട്ടിലെത്തിക്കാൻ പറ്റാത്ത കീഴ് വഴക്കം ആയതിനാലും, മൃതദേഹം റിയാദിൽ തന്നെ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ടവർ തുടങ്ങി കഴിഞ്ഞ സാഹചര്യത്തിൽ, ലക്ഷ്മണന്റെ ബന്ധുവും റിയാദിലെ വ്യവസായിയുമായ എഞ്ചിനീയർ സൂരജ് പാണയിൽ ഈ വിവരം റിയാദിലെ പൊതുപ്രവർത്തകൻ സനൂപ് പയ്യന്നൂരിനെ അറിയിക്കുകയും ചെയ്തു. സനൂപ് പയ്യന്നൂർ ഈ കേസിനെപ്പറ്റി പഠിക്കുകയും, ബന്ധപ്പെട്ട, ഔദ്യോഗിക വകുപ്പു വക്താക്കളുമായി ചർച്ച നടത്തുകയും ശേഷം കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
12 ദിവസത്തെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്, നയതന്ത്ര ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ കാര്യങ്ങൾ ബോധിപ്പിക്കുകയും, സൗദിയിൽ നിന്ന് മറ്റു ചില രാജ്യങ്ങളിലേക്ക് കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ കൊണ്ട് പോകുന്നത് അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും മൃതദേഹം ജന്മദേശത്തു തന്നെ എത്തിക്കാനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. ഈ ഉദ്യമത്തിന് റിയാദ് ഇന്ത്യൻ എംബസിയുടെയുടെയും, വകുപ്പ്തല ഉദ്യോഗസ്ഥരുടെയും ഇടപെടലുകളും, സഹകരണങ്ങളും വളരെ മാതൃകാപരമായിരുന്നു.
ഓഗസ്റ്റ് 15ന് രാത്രിയോടെ റിയാദിൽ നിന്ന് പുറപ്പെട്ട മൃതദേഹം ദുബൈ വഴി എമിരേറ്റ്സ് വിമാനത്തിൽ 17 ന് രാവിലെ 9 മണിയോടെ കൊച്ചിയിൽ എത്തുകയും ബന്ധുക്കൾ ഏറ്റു വാങ്ങി സ്വദേശത്തു എത്തിച്ചു സംസ്കരിക്കുകയും ചെയ്തു. ദമാമിൽ നിന്ന് ഇതിനായി രണ്ടാഴ്ച്ചയോളം റിയാദിൽ തങ്ങിയ ലക്ഷ്മണന്റെ ബന്ധു കൂടിയായ ഓതറൈസേഷൻ പേപ്പർ വാങ്ങിയ ശരത് കളരിക്കൽ, രഘു പാലക്കാട്, ഷിൻദേവ് , ജീവൻ, വിഗേഷ് (റിയാദ് വില്ല ), ഒതൈയിം കമ്പനി അധികാരികൾ, ഇലാ ഫ്രേറ്റ് ഫോർവേഡിങ് കാർഗോ സർവീസ് സയ്യിദ് ഘോസ് ,നാട്ടിൽ നിന്നും ബന്ധുക്കളായ റിജിൻ, ബേബി, മനോഹരൻ, ശശികുമാർ എന്നിവരുടെ കൃത്യമായ ഏകീകൃത സഹകരണം ലഭിച്ചത് മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത് എന്ന് ഈ പ്രവർത്തനം ഏറ്റെടുത്ത സനൂപ് പയ്യന്നൂർ അറിയിച്ചു.