തലസ്ഥാനത്തിന്റെ ജനകീയനായിരുന്ന കളക്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: 2011 മുതല്‍ 2014 വരെ ജില്ലാ കളക്ടറായിരുന്ന കെ.എന്‍. സതീഷ് തലസ്ഥാനത്തിന്റെ ജനകീയനായ കളക്ടര്‍മാരിലൊരാളായിരുന്നു.

റവന്യു വകുപ്പില്‍ തഹസില്‍ദാറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് 2004ല്‍ ടൂറിസം വകുപ്പില്‍ അഡിഷണല്‍ ഡയറക്ടറായിരിക്കെ ഐ.എ.എസ് ലഭിച്ചു. അവിടെ നിന്നാണ് സിവില്‍ സര്‍വീസ് ജീവിതത്തിന്റെ ആരംഭം. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം അങ്ങനെ തിരുവനന്തപുരത്തുകാരനായി.

അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന പ്രവര്‍ത്തന മേഖലയും തലസ്ഥാനമായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലും ഇവിടെയായിരുന്നു. ജില്ലയിലെ ആദിവാസി മേഖലയില്‍ പട്ടയം വിതരണം സമയബന്ധിതമായി നിര്‍വഹിച്ച കളക്ടറായിരുന്നു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ നൂതന പദ്ധതികള്‍, ജില്ലാ വികസന സമിതികള്‍ വഴി റോഡുകളുടെ നവീകരണവും പുനര്‍നിര്‍മ്മാണവും തുടങ്ങി ജനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിന് ഏറ്റവുമധികം പദ്ധതികള്‍ ആവിഷ്കരിച്ച കളക്ടറായിരുന്നു അദ്ദേഹം. 2014ലാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറായി അദ്ദേഹത്തെ നിയമിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരവും ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ നിയമിതനായ ഓഫീസറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍ നടപ്പാക്കി. പദ്മനാഭ ക്ഷേത്രത്തിലെ മിത്രാനന്ദപുരം കുളത്തിന്റെ നവീകരണത്തിന് ചുക്കാന്‍ പിടിച്ചത് അന്ന് എക്‌സ്യുട്ടീവ് ഓഫീസറായിരുന്ന കെ.എന്‍.സതീഷാണ്. 59 ദിവസം നവീകരണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയായത്.

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാറിന് മുകളില്‍ മുണ്ടുടുക്കണമെന്ന ആചാരത്തിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. ഭക്തജനങ്ങള്‍ക്ക് വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാതെ ദര്‍ശനം നടത്തി മടങ്ങാനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചെയ്തിരുന്നു. പിന്നീട് ടൂറിസം വകുപ്പിന്റെ ഡയറക്ടറായ അദ്ദേഹം ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കകാലത്തെ ചെയര്‍മാനുമായി. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ വന്‍വിജയത്തിലെത്തിച്ച ചെയര്‍മാനെന്ന ഖ്യാതിയും അദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന് കാസര്‍കോട് കളക്ടറായി. ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി, നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍, വ്യവസായ വകുപ്പ് സെക്രട്ടറി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍, രജിസ്‌ട്രേഷന്‍ ഐ.ജി, പാര്‍ലമെന്ററി കാര്യ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സപ്ലൈക്കോ എം.ഡിയായാണ് അദ്ദേഹം വിരമിച്ചത്. കെ.എന്‍. സതീഷിന്റെ സഹോദരിയെ പാലക്കാട് കവര്‍ച്ചയ്‌ക്കിടെ അക്രമി സംഘം കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്ബനിയുടെ കണ്‍സള്‍ട്ടന്‍ന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news