തിരുവനന്തപുരം: കുസാറ്റില്‍ നവംബര്‍ 25 നു ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സമാശ്വാസ സഹായം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അനുവദിക്കുക.
നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും.
തിരുവനന്തപുരത്ത് ഗവര്‍ണറോടൊപ്പം മന്ത്രി വി ശിവന്‍കുട്ടി പങ്കെടുക്കും. കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍, പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജ്, ആലപ്പുഴ പി പ്രസാദ്, കോട്ടയത്ത് വി എന്‍ വാസവന്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്, എറണാകുളത്ത് കെ രാജന്, തൃശ്ശൂരില്‍ കെ രാധാകൃഷ്ണന്, പാലക്കാട് കെ കൃഷ്ണന്‍കുട്ടി, മലപ്പുറത്ത് ജി ആര് അനില്‍, കോഴിക്കോട് പി എ മുഹമ്മദ് റിയാസ്, വയനാട് എ കെ ശശീന്ദ്രന്, കണ്ണൂരില്‍ രാമചന്ദ്രന് കടന്നപ്പള്ളി, കാസര്‍കോട് വി അബ്ദുറഹ്മാന് എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും.
സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സമയബന്ധിതമായി ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി 28 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ തസ്തികകള്‍ സൃഷ്ടിച്ചു. ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന് യു വി ജോസിനെ നിയമിക്കും.