പട്ന: ബിഹാറില്‍ ഗര്‍ഭാശയ അണുബാധയ്ക്ക് ചികിത്സയ്ക്കെത്തിയ യുവതിയുടെ രണ്ടു വൃക്കകളും നീക്കം ചെയ്ത് ഡോക്ടറുടെ തട്ടിപ്പ്.
വൃക്കകള്‍ നഷ്ടപ്പെട്ടതോടെ അതിജീവനത്തിനായി പൊരുതുന്ന യുവതി, പ്രതിയായ ഡോക്ടറുടെ വൃക്കകള്‍ തനിക്ക് വച്ചുപിടിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു യുവതിയെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വൃക്കകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്.
സെപ്റ്റംബറിന് മൂന്നിനായിരുന്നു യുവതിയെ ഡോക്ടര്‍ കബളിപ്പിച്ചത്. മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ഡയാലിസിസിലൂടെ ജീവന് നിലനിര്‍ത്തുകയാണ് യുവതി. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആര് കെ സിങ് ഒളിവില്‍ പോയി.
കുറ്റവാളിയായ ഡോക്ടറെ ഉടന്‍ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകള്‍ തനിക്കു നല്‍കണമെന്നുമാണ് യുവതിയുടെ ആവശ്യം. സുനിതാ ദേവിക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ഇവരുടെ സംരക്ഷണം തന്റെ ചുമലിലാണെന്നും സുനിതാ ദേവി പറയുന്നു.