സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ സ്വീകരിക്കല്‍ പൂർത്തിയായതിനെ തുടർന്നാണ് അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.സംസ്ഥാനത്ത് സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം പരിഗണിച്ച് അധിക ബാച്ചുകള്‍ താല്‍ക്കാലികമായി അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിലും ഉടൻ തീരുമാനം ഉണ്ടാകും.
സപ്ലിമെന്ററി അലോട്ട്മെന്റില്‍ ആകെ 52,530 മെറിറ്റ് സീറ്റുകള്‍ ആണ് ഉള്ളത്. 41,222 മെറിറ്റ് സീറ്റുകളാണ് മുഖ്യ അലോട്ട്മെന്റ് പൂർത്തിയായി കഴിഞ്ഞപ്പോള്‍ ആകെ മിച്ചം ഉണ്ടായിരുന്നത്. നേരത്തെ രണ്ട് അലോട്ട്മെന്റ്കളാണ് സപ്ലിമെന്ററി ഘട്ടത്തില്‍ നടത്താൻ നിശ്ചയിച്ചിരുന്നത് എങ്കിലും താല്‍ക്കാലിക ബാച്ച് കൂടി അനുവദിക്കുന്ന സാഹചര്യത്തില്‍ ഒരു അലോട്ട്മെന്റ് കൂടി നടത്താനും സാധ്യതയുണ്ട്.
ഒഴിവുള്ള സീറ്റിന്റെ എണ്ണത്തിനൊത്ത് അപേക്ഷകള്‍ മാത്രമാണ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി ലഭിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് കോട്ടകളിലെ പ്രവേശന നടപടികള്‍ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞതിനാല്‍ പ്രവേശന നടപടികള്‍ ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് വഴി മെറിറ്റില്‍ മാത്രമേ സാധ്യമാകുകയുള്ളൂ.