ഭീമന്‍ അക്വേറിയം തകര്‍ന്നു, പുറത്തെത്തിയത് 10 ലക്ഷം ലിറ്റര്‍ ജലവും 1,500 മത്സ്യങ്ങളും

ബെര്‍ലിന്‍ : ലോകത്തെ ഏറ്റവും വലിയ അക്വേറിയങ്ങളില്‍ ഒന്നായ ‘അക്വാഡോം” തകര്‍ന്നു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ‘റാഡിസണ്‍ ബ്ലൂ” എന്ന ഹോട്ടലിന്റെ ലോബിയിലായിരുന്നു നീണ്ട സിലിണ്ടര്‍ ആകൃതിയിലുള്ള ഈ അക്വേറിയം.

ലോകത്തെ ഏറ്റവും വലിയ സിലിണ്ട്രിക്കല്‍ അക്വേറിയം കൂടിയായിരുന്നു അക്വാഡോം. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 10.20ഓടെയാണ് ( പ്രാദേശിക സമയം രാവിലെ 5.50 ) അക്വാഡോം തകര്‍ന്നത്.

ടാങ്ക് പൊട്ടിയതോടെ അതിനുള്ളിലുണ്ടായിരുന്ന പത്ത് ലക്ഷം ലിറ്റര്‍ ജലവും 1,500 മത്സ്യങ്ങളും പുറത്തേക്ക് തെറിച്ചു. ജലം ഹോട്ടലിലും സമീപത്തെ തെരുവിലും നിറഞ്ഞു. ടാങ്കിന്റെ ഗ്ലാസ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിലും കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ടാങ്കിലുണ്ടായിരുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും ചത്തു.

സംഭവ സമയം ഹോട്ടലിലെ താമസക്കാര്‍ ഉറക്കത്തിലായിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. രണ്ട് വര്‍ഷം മുന്നേ അക്വാഡോമില്‍ നവീകരണം നടത്തിയിരുന്നു. അക്വാഡോം തകരാനുള്ള കാരണം വ്യക്തമല്ല. അക്വാഡോമിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ അട്ടിമറിശ്രമമില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രാത്രി താപനില മൈനസ് 6 ഡിഗ്രി സെല്‍ഷ്യല്‍ വരെ എത്തിയിരുന്നു. ഇത് ടാങ്കില്‍ വിള്ളലുണ്ടാക്കിയിരിക്കാമെന്ന് കരുതുന്നു.

 കാഴ്ചകളുടെ വിസ്മയ ലോകം

കടലിന്റെ അടിത്തട്ടിലെ അതി മനോഹരമായ കാഴ്‌ചകള്‍ കടലിനുള്ളിലേക്ക് പോകാതെ തന്നെ ആസ്വദിക്കാന്‍ കഴിയും എന്നതായിരുന്നു അക്വാഡോമിന്റെ പ്രത്യേകത. അക്രിലിക് ഗ്ലാസിനാല്‍ നിര്‍മിതമായ അക്വാഡോമിനുള്ളില്‍ സുതാര്യമായ ഒരു ഗ്ലാസ് എലവേറ്റര്‍ ഉണ്ടായിരുന്നു.

അക്വാഡോമിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ഈ എലിവേറ്ററിലൂടെ അതിശയകരമായ കാഴ്‌ചകള്‍ കാണാന്‍ സാധിച്ചിരുന്നു. അക്വാഡോമിന്റെ അടിത്തട്ട് മുതല്‍ മുകള്‍ ഭാഗം വരെയുള്ള കാഴ്‌ചകള്‍ എലവേറ്ററിനുള്ളില്‍ നിന്നും കാണാം.

spot_img

Related Articles

Latest news