കാട്ടുപോത്തിനെ വേട്ടയാടിയ സംഘം കീഴടങ്ങി

താമരശ്ശേരി:കൂടരഞ്ഞി പൂവ്വാറംതോട് തമ്പുരാൻകൊല്ലി ഭാഗത്തു നിന്നും ഉൾവനത്തിൽ പോയി കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ  മുഖ്യ പ്രതികളായ മൂന്നു പേർ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ മുൻപാകെ കീഴടങ്ങി. ജിൽസൻ (33) കാക്യാനിയിൽ,  പൂവാറംതോട്, ആലയിൽ ജയ്സൻ(54) എ. ജെ. മഞ്ഞക്കടവ്, കൂടരഞ്ഞി, കയ്യാലക്കകത്ത് വിനോജ്.കെ.ജെ.(33), പൂവാരംതൊട് എന്നിവരാണ് കീഴടങ്ങിയത്. മുഖ്യ പ്രതിയും പന്നിഫാമുകളുടെ സംഘടനാ നേതാവുമായ ജിൽസൻ റോട്ട് വീലർ നായകളെ തുറന്നു വിട്ടു വനം ഉദ്യോഗസ്ഥരെ ആക്രമിച്ചത് വൻ വാർത്തയായിരുന്നു.

തെളിവെടുപ്പിനിടെ മൂന്നു പ്രതികളിൽ നിന്നും  തോക്കിൻ തിരകൾ, ഹെഡ്ലൈറ്റുകൾ തുടങ്ങി കൂടുതൽ സാധനങ്ങൾ കണ്ടെടുത്തു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ( II) റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. കേസിൽ പ്രതികളിൽ നിന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ആയതിന് പ്രതികളെ ഇനിയും കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ട് എന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 21 ന് ഒളിവിൽ പോയ പ്രതികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും, കർണാടകയിലും മാറി മാറി ഒളിവിൽ ആയിരുന്നു. കീഴടങ്ങിയ ഈ പ്രതികൾ അനധികൃത പന്നിഫാമിന്റെ മറവിലാണ് ഇത്തരം വിധ്വംസക പ്രവർത്തികൾ നടത്തി വന്നിരുന്നത്. കീഴടങ്ങിയ പ്രതികൾക്ക് മറ്റു പലരുമായും ഈ കേസിൽ ബന്ധമുണ്ടെന്നും കൂടുതൽ പ്രതികൾ ഉൾപ്പെടാനുണ്ട് എന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു. കാ ക്യാനിയിൽ ജിൽസൻ ഇതേ റെയ്ഞ്ചിലെ മറ്റൊരു വനം കേസിലും ഇതിനൊപ്പം അറസ്റ്റിലായി റിമാന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജിൽസന്റെ അനധികൃത പന്നിഫാമിനെതിരെയും നടപടികൾ സ്വീകരിക്കുമെന്നും, കുടിവെള്ളം മലിനമാക്കുന്ന പന്നിഫാമിനെതിരെ പ്രദേശവാസികൾക്ക് ഇപ്പോൾ തന്നെ എതിർപ്പുണ്ട് എന്നും അറിയിക്കുകയുണ്ടായി. തെളിവെടുപ്പിനും മറ്റുമായി സജീവ് കുമാർ.കെ.കെ, മണി. കെ, പ്രവീണ് കുമാർ .ബി.കെ, പ്രശാന്തൻ.കെ.പി, വിജയൻ.പി, ശ്വേത പ്രസാദ്.ഒ എന്നീ വനം ഉദ്യോഗസ്ഥരും പങ്കെടുത്തു.

spot_img

Related Articles

Latest news