ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായിലെ വീട്ടില്‍വെച്ച് പിതാവിനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് 20 കാരനായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി അര്‍ജുന്‍ അറസ്റ്റില്‍.രാജേഷ് കുമാര്‍ (51), ഭാര്യ കോമള്‍ (46), 23 കാരിയായ മകള്‍ കവിത എന്നിവരുടെ മൃതദേഹങ്ങളാണ് നെബ് സരായിലെ വീട്ടില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. കഴുത്ത് മുറിച്ചും ഒന്നിലധികം കുത്തേറ്റ നിലയിലുമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്.
മാതാപിതാക്കളുടെ 27ാം വിവാഹ വാര്‍ഷിക ദിനമായ ബുധനാഴ്ച പുലര്‍ച്ചെയാണ് അർജുൻ കണ്ണില്ലാ ക്രൂരത നടത്തിയത്. പിടിക്കപ്പെടുമോ എന്നുള്ള ഭയത്തില്‍ പൊലീസുകാരെ തെറ്റിദ്ധരിപ്പിക്കാനും ബോക്‌സറായ യുവാവ് ശ്രമിച്ചിരുന്നു. താന്‍ അതിരാവിലെ തന്റെ പതിവ് ഓട്ടത്തിനായി പോയെന്നും മടങ്ങിവരുമ്പോള്‍ തന്റെ കുടുംബം കൊല്ലപ്പെട്ടുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തെക്കുറിച്ച് പൊലീസിനെ വിളിച്ച് അറിയിക്കുക മാത്രമല്ല, അമ്മാവനെ വിളിച്ചും അറിയിച്ച് അതിബുദ്ധി കാട്ടിയിരുന്നു അർജുൻ. മണിക്കൂറുകള്‍ക്കൊണ്ടാണ് പൊലീസ് അതിക്രൂരമായ സംഭവത്തിന്റെ ചുരുളഴിച്ചത്.
മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷം, സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അപ്പോഴാണ് കുടുംബത്തിന് പുറത്ത് നിന്ന് ആരും വീട്ടില്‍ കയറിയിട്ടില്ലെന്ന് വ്യക്തമായതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ജെയിന്‍ പറഞ്ഞു. വീടിനുള്ളില്‍ ആരും അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒന്നും മോഷ്ടിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല. ഇതോടെ കൂടുതല്‍ അന്വേഷണം നടത്തി. അര്‍ജുന്റെ മൊഴികളില്‍ നിരവധി വൈരുധ്യങ്ങള്‍ ഉള്ളതും പൊലീസ് പെട്ടന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താനാണ് കൊലപാതകം ചെയ്തതെന്ന് സമ്മതിച്ചത്.
ദൗല കവാനിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അര്‍ജുന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ബാച്ചിലര്‍ ഓഫ് ആര്‍ട്സ് വിദ്യാര്‍ത്ഥിയാണ്. പരിശീലനം ലഭിച്ച ഒരു ബോക്സര്‍ കൂടിയാണ് യുവാവ്. ഡല്‍ഹിയെ പ്രതിനിധീകരിച്ച് ഒരു ബോക്സിംഗ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയിട്ടുമുണ്ട്.
പിതാവ് രാജേഷ് കുമാര്‍ തന്റെ വസ്തുവിന്റെ ഉടമസ്ഥാവകാശം സഹോദരി കവിതയ്ക്ക് കൈമാറാന്‍ ഉദ്ദേശിച്ചിരുന്നതായി പ്രതി അര്‍ജുന് സംശയമുണ്ടായിരുന്നു. മാത്രമല്ല, തന്റെ ബോക്‌സിംഗ് കരിയറിനോട് പിതാവിന്റെ വിയോജിപ്പും പരസ്യമായി വഴക്കുപറഞ്ഞതും അർജുനെ കുടുംബത്തില്‍ നിന്നും അകറ്റി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.